Home Keralaപൊലീസിനെ വെട്ടിച്ച് കടന്ന 17കാരന്റെ കാർ പൂട്ടി; പൂട്ട് പൊളിച്ച 24കാരനും അറസ്റ്റിൽ

പൊലീസിനെ വെട്ടിച്ച് കടന്ന 17കാരന്റെ കാർ പൂട്ടി; പൂട്ട് പൊളിച്ച 24കാരനും അറസ്റ്റിൽ

by news_desk1
0 comments

കൊച്ചി ∙ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ കണ്ടെത്തി പൊലീസ് പൂട്ടിട്ടു. എന്നാൽ പിറ്റേന്ന് രാവിലെ എത്തിയപ്പോൾ കാറിന്റെ പൂട്ട് തകർത്ത നിലയിൽ! സംഭവത്തിൽ പൂട്ട് പൊളിച്ചുനൽകിയെന്ന് കണ്ടെത്തിയ പൊന്നുരുന്നി സ്വദേശി ദീപക് എം. നായരെ (24) പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത 17കാരനാണ് കാർ ഓടിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

കടവന്ത്ര എസ്‌ഐ അതുൽ രാജിന്റെ നേതൃത്വത്തിൽ പൊന്നുരുന്നി ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പൊലീസ് കൈകാണിച്ചിട്ടും കാർ നിർത്താതെ കടന്നുപോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊന്നുരുന്നി റെയിൽവേ മാർഷൽ യാർഡിന് സമീപം കാർ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. തുടർനടപടികളുടെ ഭാഗമായി പൊലീസ് പ്രത്യേക പൂട്ടിടുന്ന സംവിധാനം ഉപയോഗിച്ച് വാഹനം പൂട്ടി.

എന്നാൽ അടുത്ത ദിവസം രാവിലെ പൊലീസ് സ്ഥലത്തെത്തിയപ്പോൾ പൂട്ട് തകർത്ത നിലയിലായിരുന്നു. തുടർന്ന് വാഹനത്തിന്റെ ആർസി ഉടമയെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ ഓടിച്ചിരുന്നത് വിദേശത്തുള്ള ഉടമയുടെ സഹോദരിയുടെ 17 വയസ്സുള്ള മകനാണെന്ന് കണ്ടെത്തിയത്. തങ്ങളുടെ അറിവില്ലാതെയാണ് കുട്ടി വാഹനം എടുത്തതെന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്.

പൊലീസ് കാർ പൂട്ടി മടങ്ങിയശേഷം 17കാരൻ വീണ്ടും സ്ഥലത്തെത്തിയിരുന്നു. ഈ സമയത്ത് അവിടെയെത്തിയ ദീപക് പൂട്ട് പൊളിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും കൗമാരക്കാരൻ അത് നിരസിച്ചു. കുട്ടി മടങ്ങിയശേഷമാണ് ദീപക് പൂട്ട് തകർത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തിയ 17കാരനിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് വിദേശത്തുള്ള ആർസി ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്തു. ഇയാളുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്.

You may also like