കൊച്ചി: ആദരിക്കാനിരുന്ന വ്യക്തി നേരത്തേ സാമ്പത്തിക ഇടപാടു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെ സ്വകാര്യ ഉച്ചകോടിയിൽനിന്ന് മുഖ്യമന്ത്രിയും ആറു മന്ത്രിമാരും പിന്മാറി. അങ്കമാലിയിൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിലാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ.
ഉച്ചകോടിയിൽ രണ്ട് വിദേശികൾക്കൊപ്പം ആസിഫ് ഇഖ്ബാളിനെയും മുഖ്യമന്ത്രി ആദരിക്കാനായിരുന്നു തീരുമാനം. എന്നാൽ, ആസിഫ് ഇഖ്ബാൾ നേരത്തേ ഡൽഹിയിൽ സാമ്പത്തിക ഇടപാടു കേസിൽ ഉൾപ്പെട്ടിരുന്നുവെന്ന വിവരം സംസ്ഥാന ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടിയിൽനിന്ന് പിന്മാറിയത്.
ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റാണ് ആസിഫ് ഇഖ്ബാൾ. തനിക്കെതിരായ പരാതി വ്യാജമാണെന്നും കോടതി അത് തള്ളിയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ആസിഫ് ഇഖ്ബാളിന് ഉച്ചകോടിയുടെ സംഘാടനവുമായി യാതൊരു ബന്ധവുമില്ലെന്ന് പരിപാടിയുടെ സംഘാടകരായ ബ്ലൂക്ലൗഡ് കമ്പനി സ്ഥാപകൻ അലക്സ് ജോർജ് വ്യക്തമാക്കി. ആരോപണവിധേയനായ വ്യക്തിയെ ഉച്ചകോടിയിൽനിന്ന് മാറ്റിനിർത്തിയതായും സംരംഭകർക്ക് സംഭാവനകൾ നൽകണമെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശനു പുറമെ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, റോജി എം. ജോൺ, ഒ.ജെ. ജനീഷ് എന്നിവരായിരുന്നു പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്.
