മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ ബോധപൂർവം വെട്ടിക്കുറച്ചതാണ് അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവി. സുരക്ഷാ ക്രമീകരണങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ടത് ആരാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ രാഹുൽ ഗാന്ധിയുമായി പരസ്യ സംവാദത്തിന് തയാറാണെന്നും മേജർ രവി വെല്ലുവിളിച്ചു.
ശ്രീപെരുംപത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഫോടനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരുമാണ് വീരമൃത്യു വരിച്ചതെന്നും കോൺഗ്രസ് നേതാക്കളിൽ ഒരാൾക്കുപോലും പരിക്കേറ്റില്ലെന്നും മേജർ രവി ചൂണ്ടിക്കാട്ടി. സ്ഫോടനസമയത്ത് കോൺഗ്രസ് നേതാക്കൾ രാജീവ് ഗാന്ധിയിൽനിന്ന് അകലം പാലിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം പ്രവർത്തിച്ച എൻ.എസ്.ജി ക്യാപ്റ്റനായിരുന്നു മേജർ രവി. അന്ന് 51 സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന്റെ ഓപ്പറേഷൻ സംഘത്തെയാണ് അന്വേഷണ സംഘത്തിനൊപ്പം നിയോഗിച്ചിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പലതവണ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടെന്നും അന്നത്തെ സംഭവവികാസങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വാദം ശരിയാണെന്ന് തൽക്കാലം അംഗീകരിച്ചാൽപ്പോലും രാജീവ് ഗാന്ധിയുടെ സുരക്ഷ വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടത് ആരാണെന്ന് പുറത്തുവരേണ്ടതുണ്ടെന്ന് മേജർ രവി പറഞ്ഞു. അന്ന് വി.പി. സിങ് ആയിരുന്നു പ്രധാനമന്ത്രിയെങ്കിലും കോൺഗ്രസിന്റെ പിന്തുണയോടെയായിരുന്നു സർക്കാർ അധികാരത്തിലിരുന്നത്. രാജീവ് ഗാന്ധിയുടെ സുരക്ഷ പൂർണമായി ഒഴിവാക്കിയിരുന്നില്ലെന്നും ഡൽഹിയിലെ മെഹ്റൗളിയിലുള്ള ഫാം ഹൗസിൽ എൻ.എസ്.ജി ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ കാവലുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീപെരുംപത്തൂരിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തിയശേഷം പ്രസംഗവേദിയിലേക്ക് പോകുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പ്രതിമയ്ക്കും വേദിക്കും ഇടയിൽ ഏകദേശം 75 മുതൽ 100 മീറ്റർ വരെ ദൂരമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഈ ദൂരത്തിനിടെ ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാക്കളെല്ലാം രാജീവ് ഗാന്ധിയിൽനിന്ന് അകന്നുനിന്നത് എന്തിനാണെന്ന് മേജർ രവി ചോദിച്ചു. അന്നത്തെ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ച് ഇതിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിന്റെ അന്വേഷണത്തിനിടെ ഒരു രാഷ്ട്രീയ നേതാവിനെപ്പോലും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നില്ലെന്നും മേജർ രവി ആരോപിച്ചു. അന്വേഷണ സംഘത്തിനൊപ്പം പ്രവർത്തിച്ച കാലത്ത് രാഷ്ട്രീയ നേതാക്കളാരും മൊഴി നൽകാനോ ചോദ്യം ചെയ്യലിനോ എത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അതിനാൽ പ്രത്യേക അന്വേഷണ സംഘത്തിന്റെയും സി.ബി.ഐയുടെയും അന്വേഷണ രേഖകൾ വീണ്ടും പരിശോധിച്ച് പൊതുജനങ്ങൾക്കു മുന്നിൽ വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിലെ പ്രതികളായ മുരുകനെയും നളിനിയെയും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും വെല്ലൂർ ജയിലിലെത്തി സന്ദർശിച്ചതും മേജർ രവി ചോദ്യം ചെയ്തു. ആ കൂടിക്കാഴ്ചയുടെ പിന്നിലെ ലക്ഷ്യം എന്തായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട വസ്തുതകൾ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കൊലപാതകത്തിന് സമാനമായ ഗൂഢാലോചനയാണ് രാജീവ് ഗാന്ധി വധക്കേസിലും നടന്നതെന്നാണ് മേജർ രവിയുടെ അഭിപ്രായം. എൽ.ടി.ടി.ഇ കേവലം വാടകക്കൊലയാളികൾ മാത്രമായിരുന്നുവെന്നും അവരുടെ തലയിൽ കുറ്റം ചുമത്തി രക്ഷപ്പെട്ടത് ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
