സിനിമ വിജയിക്കാൻ തന്റെ താരമൂല്യം മാത്രം മതിയാകില്ലെന്ന് തുറന്നുപറഞ്ഞ് നടൻ ദുൽഖർ സൽമാൻ. താൻ ഇപ്പോഴും വലിയൊരു കൊമേഴ്സ്യൽ ഹീറോ ആയിട്ടില്ലെന്നും സ്വന്തം പേര് മാത്രം ഉപയോഗിച്ച് ഒരു സിനിമയുടെ വിജയത്തിന് ഉറപ്പുനൽകാൻ കഴിയില്ലെന്നും താരം വ്യക്തമാക്കി. വലിയ ബജറ്റ് ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ നിർമാതാക്കളുടെ പണത്തോടുള്ള ഉത്തരവാദിത്തം കൂടി മനസ്സിലുണ്ടാകുമെന്നും അതുകൊണ്ടുതന്നെ തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്താറുണ്ടെന്നും ദുൽഖർ പറഞ്ഞു.
അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് സിനിമാ ജീവിതത്തിലെ കാഴ്ചപ്പാടുകളും തിരഞ്ഞെടുപ്പുകളും ആശങ്കകളും താരം പങ്കുവച്ചത്. വലിയ കൊമേഴ്സ്യൽ ചിത്രങ്ങളിലും ഉള്ളടക്കത്തിന് പ്രാധാന്യമുള്ള സിനിമകളിലും ഒരുപോലെ തിളങ്ങാൻ കഴിയുന്ന നടനാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമായി പിതാവ് മമ്മൂട്ടിയെയാണ് ദുൽഖർ ചൂണ്ടിക്കാട്ടിയത്. മെയിൻസ്ട്രീം എന്റർടെയ്നറുകളിലും ഉള്ളടക്കത്തിന് പ്രാധാന്യമുള്ള ചിത്രങ്ങളിലും ഒരുപോലെ മികവ് പുലർത്താൻ മമ്മൂട്ടിക്ക് കഴിയുന്നുണ്ടെന്നും അത്തരമൊരു സന്തുലിതാവസ്ഥയാണ് താനും സ്വപ്നം കാണുന്നതെന്നും താരം വ്യക്തമാക്കി.
എന്നാൽ ആ നിലയിലേക്ക് എത്തുക എന്നത് ഇപ്പോഴും വലിയ വെല്ലുവിളിയാണ്. തനിക്ക് പേടിയുള്ള കാര്യങ്ങളെ നേരിടാനാണ് എപ്പോഴും ശ്രമിക്കാറുള്ളതെന്നും ആ വെല്ലുവിളി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ദുൽഖർ പറഞ്ഞു. അതിനെ കീഴടക്കുക എന്നത് കയറാൻ ആഗ്രഹിക്കുന്ന വലിയൊരു മലയ്ക്ക് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു താരത്തിന്റെ സാന്നിധ്യം മാത്രം കൊണ്ട് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള കഴിവിനെക്കുറിച്ചും ദുൽഖർ സംസാരിച്ചു. നടൻ സൽമാൻ ഖാന്റെ താരപ്രഭാവത്തെ ആമിർ ഖാൻ ഒരിക്കൽ വിശേഷിപ്പിച്ച ‘ബ്രൂട്ട്’ എന്ന പ്രയോഗം അദ്ദേഹം ഓർമിപ്പിച്ചു. സിനിമകൾക്ക് വലിയ തുടക്കം ലഭിക്കാനും ദീർഘകാലം തിയറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടാനും സഹായിക്കുന്ന തരത്തിലുള്ള ആരാധകപിന്തുണ സൽമാൻ ഖാനുണ്ടെന്നും വർഷങ്ങളുടെയും പതിറ്റാണ്ടുകളുടെയും കഠിനാധ്വാനത്തിലൂടെ നേടിയെടുക്കുന്ന അപൂർവമായ നേട്ടമാണിതെന്നും ദുൽഖർ പറഞ്ഞു.
തനിക്ക് അത്തരമൊരു താരശക്തിയില്ലെന്നാണ് സ്വന്തം വിലയിരുത്തൽ. തന്റെ സാന്നിധ്യം മാത്രം കൊണ്ട് ഒരു സിനിമ വിജയിക്കുമെന്ന് കരുതുന്നില്ലെന്നും പ്രത്യേകിച്ച് വലിയ ബജറ്റ് ചിത്രങ്ങളിൽ ഈ ആശങ്ക കൂടുതൽ പ്രസക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിർമാതാക്കൾ മുടക്കുന്ന പണത്തിന്റെ ഉത്തരവാദിത്തം താൻ എപ്പോഴും ഓർക്കാറുണ്ട്. താരത്തിന്റെ പേര് മാത്രം കൊണ്ട് സിനിമ വിജയിക്കുമെന്ന് കരുതാനാവില്ലെന്നും മികച്ച ഉള്ളടക്കവും സത്യസന്ധതയും സിനിമയിൽ വേണമെന്നും ദുൽഖർ പറഞ്ഞു.
വാണിജ്യവിജയം പ്രധാനമാണെങ്കിലും പ്രേക്ഷകരുടെ മനസ്സുമായി ബന്ധപ്പെടുന്ന വൈകാരികമായ ആഴമുള്ള കഥകളോടാണ് തനിക്ക് കൂടുതൽ താൽപര്യമെന്നും താരം വ്യക്തമാക്കി. ‘ഉസ്താദ് ഹോട്ടൽ’ സിനിമയിലെ സംഭാഷണത്തെ ഓർമിപ്പിച്ചുകൊണ്ട്, സിനിമകളിൽ സ്നേഹത്തിന്റെ സാന്നിധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സിനിമയുടെ ആദ്യ ആശയം മുതൽ തിയറ്ററിലെത്തുന്നതുവരെയുള്ള യാത്രയിൽ നിരവധി മാറ്റങ്ങൾ സംഭവിക്കാമെന്നും ദുൽഖർ ചൂണ്ടിക്കാട്ടി. സർഗാത്മകമായ തീരുമാനങ്ങൾ, നിർമാണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ, സംവിധായകന്റെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങൾ എന്നിവയെല്ലാം അന്തിമ സിനിമയെ സ്വാധീനിക്കാം. അതിനാൽ തുടക്കത്തിൽ വിഭാവനം ചെയ്തതുപോലെ തന്നെയാകണമെന്നില്ല തിയറ്ററുകളിലെത്തുന്ന സിനിമയെന്നും താരം പറഞ്ഞു.
