Home Kerala‘തലയിൽ നെല്ലിക്ക തളം വെക്കണം’; രാജ്‌മോഹൻ ഉണ്ണിത്താന് നെല്ലിക്ക പാഴ്സലായി അയച്ച് കോൺഗ്രസ് പ്രവർത്തകരുടെ വേറിട്ട പ്രതിഷേധം

‘തലയിൽ നെല്ലിക്ക തളം വെക്കണം’; രാജ്‌മോഹൻ ഉണ്ണിത്താന് നെല്ലിക്ക പാഴ്സലായി അയച്ച് കോൺഗ്രസ് പ്രവർത്തകരുടെ വേറിട്ട പ്രതിഷേധം

by news_desk1
0 comments

പാലക്കാട്: കോൺഗ്രസിനുള്ളിലെ വാക്‌പോര് പുതിയ തലത്തിലേക്ക്. ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനല്ലെന്ന രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാമർശത്തിനും തുടർന്നുള്ള തുറന്നുപറച്ചിലുകൾക്കും പിന്നാലെ ഉണ്ണിത്താനെതിരെ വേറിട്ട പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ. തലയിൽ നെല്ലിക്ക തളം വെക്കണമെന്ന പരിഹാസത്തോടെയാണ് വണ്ടാഴി പഞ്ചായത്തിലെ ഷാഫി അനുകൂലികൾ രാജ്‌മോഹൻ ഉണ്ണിത്താന് നെല്ലിക്ക പാഴ്സലായി അയച്ചത്.

കോൺഗ്രസിലെ യുവ നേതാക്കളിൽനിന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽനിന്നും തുടർച്ചയായി വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് ഈ പ്രതിഷേധം. കെ.എം. അഭിജിത്ത്, വി.ടി. സൂരജ്, റിജിൽ മാക്കുറ്റി തുടങ്ങിയവർ രാജ്‌മോഹൻ ഉണ്ണിത്താനെ പരസ്യമായി വിമർശിക്കുകയും ഷാഫി പറമ്പിലിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഉണ്ണിത്താൻ–ഷാഫി തർക്കത്തിന് താൽക്കാലിക വിരാമമായിരിക്കുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ ഇടപെടലിനെത്തുടർന്ന് ഇരുവിഭാഗങ്ങളും പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കാൻ ധാരണയിലെത്തി. രാജ്‌മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ എന്നിവരുമായി ദീപ ദാസ് മുൻഷി ചർച്ച നടത്തി. എ ഗ്രൂപ്പ് പ്രതിനിധികൾ, ചാണ്ടി ഉമ്മൻ എംഎൽഎ, ജെ.എസ്. അഖിൽ എന്നിവരുമായും അവർ കൂടിക്കാഴ്ച നടത്തിയിരുന്നു.

തനിക്കെതിരായ സൈബർ ആക്രമണങ്ങളിൽ നടപടി വേണമെന്ന ആവശ്യവും ചർച്ചയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ ഉന്നയിച്ചു. ജിൻഷാദ് ജിനാസ്, നേമം ഷെജീർ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇനിയും പ്രകോപനമുണ്ടായാൽ തുറന്നടിക്കുമെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഷാഫി പറമ്പിൽ എ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന ഉണ്ണിത്താന്റെ പ്രസ്താവനയും പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളുമാണ് കോൺഗ്രസിലെ തർക്കം പരസ്യമായ പോരിലേക്ക് എത്തിച്ചത്. ആക്രമണങ്ങൾക്ക് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്ന പരോക്ഷ സൂചനയും ഉണ്ണിത്താൻ നൽകിയിരുന്നു. തനിക്കെതിരായ സൈബർ ആക്രമണങ്ങൾ പരിശോധിച്ചപ്പോൾ ‘നാല് ഗർഭം ഉണ്ടാക്കി അടൂരിൽ വിശ്രമിക്കുന്ന ശിഷ്യൻ’ രംഗത്തിറങ്ങിയതായി മനസ്സിലായെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ടും ഉണ്ണിത്താൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഉമ്മൻ ചാണ്ടി മരണശയ്യയിൽ കിടന്ന് കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ നിയമിക്കാൻ കുറിപ്പടി എഴുതിക്കൊടുത്തെന്നും അത് കീറിക്കളഞ്ഞാണ് അടൂരുകാരനെ പ്രസിഡന്റാക്കിയതെന്നുമായിരുന്നു പരാമർശം. എറണാകുളത്തെ പനമ്പള്ളി നഗറിലെ ഒരു ഫ്ലാറ്റിൽ കേരളം ആദരിക്കുന്ന ഒരു നേതാവ് മറ്റൊരാളുടെ കാലുപിടിച്ച് അപേക്ഷിച്ച സംഭവത്തെക്കുറിച്ചും അദ്ദേഹം സൂചന നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണത്തിലേക്ക് വിരൽചൂണ്ടി ‘2020’ എന്ന വാഹന നമ്പറും ഉണ്ണിത്താൻ പരാമർശിച്ചിരുന്നു.

തനിക്കെതിരായ സൈബർ ആക്രമണം തുടർന്നാൽ എല്ലാം ഡയറിയിൽ കുറിച്ചുവെച്ചിട്ടുണ്ടെന്നും ആശാനും ശിഷ്യനും കുടുങ്ങുമെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകിയിരുന്നു. പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കാൻ ധാരണയായെങ്കിലും നെല്ലിക്ക പാഴ്സലായെത്തിയതോടെ കോൺഗ്രസിലെ പോര് വീണ്ടും ചർച്ചയായിരിക്കുകയാണ്.

You may also like