കോഴിക്കോട്: പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിച്ച് ലോകത്തിന്റെ ശ്രദ്ധ നേടിയ ആസിം വെളിമണ്ണയ്ക്ക് ദേശീയ അംഗീകാരം. ഭിന്നശേഷി ശാക്തീകരണത്തിനുള്ള 2026-ലെ ദേശീയ പുരസ്കാരം ‘സർവശ്രേഷ്ഠ ദിവ്യാംഗൻ’ വിഭാഗത്തിൽ കോഴിക്കോട് സ്വദേശി മുഹമ്മദ് ആസിം പി.യ്ക്ക് ലഭിച്ചു. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.
ഇരു കൈകളുമില്ലാതെ ജനിച്ച ആസിം ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് നീന്തൽരംഗത്ത് റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. 2028-ലെ ലോസ് ആഞ്ചലസ് പാരാലിംപിക്സിന് ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. അടുത്തിടെ നടന്ന ദേശീയ പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ മെഡലുകളും സ്വന്തമാക്കി. വിവിധ ദേശീയ പാരാ സ്വിമ്മിങ് മത്സരങ്ങളിലായി കേരളത്തിനുവേണ്ടി ഇതുവരെ 12 സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലം ബാല്യ പുരസ്കാര ജേതാവ് കൂടിയായ ആസിം പെരിയാർ നീന്തിക്കടന്ന നേട്ടത്തിലൂടെ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും വേൾഡ് റെക്കോർഡ് യൂണിയനിലും ഇടംപിടിച്ചിരുന്നു.
ഡിസംബർ മൂന്നിന് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് ആസിം പുരസ്കാരം ഏറ്റുവാങ്ങും. നേട്ടത്തിൽ സന്തോഷവും അഭിമാനവും രേഖപ്പെടുത്തിയ ഭിന്നശേഷി ശാക്തീകരണ വകുപ്പ്, ഭിന്നശേഷിക്കാരുടെ സാമൂഹിക മുന്നേറ്റത്തിനും ശാക്തീകരണത്തിനുമായി ആസിം നൽകിയ സംഭാവനകളെ അഭിനന്ദിച്ചു.
പുരസ്കാരത്തിനൊപ്പം രണ്ടു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്, മെഡൽ, പ്രശസ്തിപത്രം എന്നിവയും ലഭിക്കും. ഓരോ വർഷവും ഈ വിഭാഗത്തിൽ ആറുപേരെയാണ് പുരസ്കാരം നൽകി ആദരിക്കുന്നത്.
