തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ‘ചോരയ്ക്ക് ചോര’ പ്രസ്താവനയേക്കാൾ വലുതല്ല ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. മധുസൂദനൻ എംഎൽഎയോ മുഖ്യമന്ത്രിയോ അല്ലെന്നും മുഖ്യമന്ത്രി നടത്തിയ വിവാദ പ്രസ്താവനയിൽ ആർക്കും പ്രയാസമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിഷയത്തിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ വലിയ ആവേശം കാണിക്കുകയാണെന്നും രാഗേഷ് പ്രതികരിച്ചു.
സി.വി. ധനരാജ് വധക്കേസിലെ വിധിയുമായി ബന്ധപ്പെട്ടാണ് മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ വിവാദ പ്രസംഗം നടത്തിയത്. കേസിൽ കണക്കു പറയേണ്ടത് വിധിയിലാണെന്നും പാർട്ടി തന്നെ കണക്കുതീർക്കുമെന്നുമായിരുന്നു പ്രസംഗത്തിലെ പരാമർശം. ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട കാര്യം ഓർമിപ്പിച്ചായിരുന്നു മധുസൂദനന്റെ വാക്കുകൾ. എന്നാൽ അവരാരും ഇന്ന് ജീവനോടെയില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് അർഹമായ മറുപടി ലഭിച്ചിട്ടുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. പയ്യന്നൂരിൽ നടന്ന ഡിവൈഎഫ്ഐ പരിപാടിയിലായിരുന്നു പ്രസംഗം.
ധനരാജ് വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിയെയും മധുസൂദനൻ വിമർശിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയും നൽകി ഇല്ലാതാക്കാമെന്ന് കരുതുന്നത് വെറും സങ്കൽപമാണെന്നും ഭരണകൂട താൽപര്യങ്ങൾക്കായി ഇടതുപക്ഷ രാഷ്ട്രീയത്തെ ചവിട്ടിത്താഴ്ത്തുന്ന നിലപാടാണ് ജുഡീഷ്യറിയും സ്വീകരിക്കുന്നതെന്നുമായിരുന്നു ആരോപണം. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാത്തത് ഭാഗ്യമെന്നും അദ്ദേഹം പരിഹസിച്ചു. ആരെ ശിക്ഷിക്കണമെന്ന് സിപിഐഎം എഴുതി നൽകിയിട്ടാണോ ജഡ്ജി തീരുമാനിക്കുന്നതെന്നും മധുസൂദനൻ ചോദിച്ചു.
ധനരാജിന്റെ അയൽവാസിയും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന വ്യക്തിയാണ് കേസിലെ ഒന്നാം സാക്ഷി. ധനരാജ് കൊല്ലപ്പെട്ടതിനുശേഷമാണ് അദ്ദേഹം ബ്രാഞ്ച് സെക്രട്ടറിയായത്. സഹകരണ ബാങ്ക് ജീവനക്കാരനും പാർട്ടിയുടെ രാഷ്ട്രീയത്തിന്റെ മുഖ്യവക്താവുമായതിനാൽ അദ്ദേഹത്തിന്റെ മൊഴി കോടതി അംഗീകരിച്ചില്ലെന്നായിരുന്നു മധുസൂദനന്റെ വിമർശനം. ചീമേനി കൂട്ടക്കൊലക്കേസിൽ ആരെയും കോടതി ശിക്ഷിച്ചിട്ടില്ലെന്നും എന്നാൽ പ്രതികളാരും ഇന്ന് ജീവിച്ചിരിപ്പില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ ആവർത്തിച്ചു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കണക്കു പറയേണ്ടത് കണക്കുപറഞ്ഞ് തന്നെ തീർക്കുമെന്നും പ്രസ്ഥാനത്തിന് അതിൽ മടിയില്ലെന്നും മധുസൂദനൻ വെല്ലുവിളിച്ചിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ വിവാദ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് കെ.കെ. രാഗേഷ് ആവശ്യപ്പെട്ടു. കണ്ണൂരിൽ നടത്തിയ ‘ചോരയ്ക്ക് ചോര’ പരാമർശത്തിൽ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ലഹളയുണ്ടാക്കാനുള്ള ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നും അത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും പരാതിയിൽ ആരോപിക്കുന്നു. പ്രസംഗം കേട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിവൈഎഫ്ഐ പ്രവർത്തകരെ ഭീഷണിപ്പെടുത്തി പ്രകോപനം സൃഷ്ടിക്കുകയാണെന്നും രാഗേഷ് പറഞ്ഞു.
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. കഴിഞ്ഞ പത്തുവർഷത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒഴുക്കിയ ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇതിനെതിരെ ഭരണഘടനാ ലംഘനമെന്ന വിമർശനവും ഉയർന്നിരുന്നു. മന്ത്രി ഒ.ജെ. ജനീഷ് നയിച്ച ‘ജൻ ഇന്ത്യ മൂവ്മെന്റ്’ പദയാത്രയുടെ സമാപനച്ചടങ്ങിലായിരുന്നു പ്രസംഗം.
