ന്യൂഡൽഹി: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെതിരായ ഡൽഹി പൊലീസിന്റെ നടപടിയെ ചൊല്ലി പാർലമെന്റിൽ ശക്തമായ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയുടെ നടപടികൾ ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവച്ചു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി സഭയിൽ വിഷയം ഉന്നയിച്ചു.
ദേശീയ പാർട്ടിയുടെ ഓഫീസിൽ പൊലീസ് കയറിയത് എന്തിനാണെന്നും യൂണിഫോം ധരിക്കാതെയെത്തിയ ഉദ്യോഗസ്ഥരുടെ നടപടി ഗൗരവതരമാണെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചു. ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കുന്നതിനായി ഡൽഹി പൊലീസ് മഫ്തിയിൽ എകെജി ഭവനിലെത്തിയ സംഭവമാണ് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയത്.
ദേശീയ പാർട്ടിയുടെ ഓഫീസിൽ കയറിയത് ജനാധിപത്യത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ വിമർശിച്ചു. പൊലീസിന്റെ നടപടി ജനാധിപത്യത്തിന് അപമാനമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടത് എംപിമാർ പാർലമെന്റ് കവാടത്തിൽ പ്രതിഷേധവും സംഘടിപ്പിച്ചു.
അതേസമയം, ഇത് സാധാരണ പൊലീസ് നടപടിമാത്രമാണെന്നായിരുന്നു കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ പ്രതികരണം. അടിയന്തരാവസ്ഥക്കാലത്ത് താൻ ക്ലാസ് മുറിയിൽ നിന്ന് അറസ്റ്റിലായ അനുഭവം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പൊലീസിന്റെ നടപടിയെ ന്യായീകരിച്ചത്.
2021-ൽ നടന്ന ഒരു പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് നീക്കം ശക്തമാക്കിയത്. സംഭവത്തിൽ പ്രതിഷേധം ശക്തിപ്പെടുത്താനാണ് സിപിഐഎമ്മിന്റെ തീരുമാനം. ഐഷിക്കെതിരായ അറസ്റ്റ് വാറന്റും പാർട്ടി ആസ്ഥാനത്ത് നടന്ന പൊലീസ് നടപടിയും സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുമെന്ന് സിപിഐഎം അറിയിച്ചു.

