തിരുവനന്തപുരം: പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്കിൽ അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്താകെ 1865 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 39 ഒഴിവുകൾ കേരളത്തിനാണ്. ലക്ഷദ്വീപിൽ 1, കർണാടകയിൽ 131, തമിഴ്നാട്ടിൽ 95 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകൾ.
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷയിൽ പരിജ്ഞാനം നിർബന്ധമാണ്. 2026 ഏപ്രിൽ 1നു കണക്കാക്കി 20 മുതൽ 28 വയസുവരെയാണ് പ്രായപരിധി. പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രായ ഇളവുകൾ ലഭിക്കും. വിധവകൾക്കും നിയമപരമായി വേർപിരിഞ്ഞ് പുനർവിവാഹം കഴിക്കാത്ത വനിതകൾക്കും 35 വയസുവരെ അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ് ഓൺലൈൻ എഴുത്ത് പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, പ്രാദേശിക ഭാഷാ പരിജ്ഞാന പരിശോധന എന്നിവയിലൂടെ നടക്കും. 100 മാർക്കിനുള്ള ഒരു മണിക്കൂർ പരീക്ഷയിൽ ജനറൽ അവബോധം, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ്-റീസണിങ്, കമ്പ്യൂട്ടർ/വിഷയപരിചയം, ബാങ്കിന്റെ സേവനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിന്നായി 100 ചോദ്യങ്ങളുണ്ടാകും.
ഫീസ് പുരുഷന്മാർക്ക് ജിഎസ്ടി ഉൾപ്പെടെ 944 രൂപയും സ്ത്രീകൾക്ക് 708 രൂപയും ആണ്. പട്ടിക വിഭാഗങ്ങൾക്ക് 236 രൂപയാണ് ഫീസ്. നിയമനം ഒരു വർഷത്തേക്കായിരിക്കും. ഗ്രാമപ്രദേശങ്ങളിൽ മാസത്തിൽ 15,000 രൂപയും നഗരങ്ങളിൽ 18,000 രൂപയും മെട്രോ നഗരങ്ങളിൽ 20,000 രൂപവരെ സ്റ്റൈപെൻഡ് ലഭിക്കും.
ഓൺലൈൻ അപേക്ഷകൾ മെയ് 19 വരെ സമർപ്പിക്കാം.unionbankofindia.bank.in.recruitment.aspx, beep.bfsissc.com/candidate_register/mkt. എഴുത്ത് പരീക്ഷ മെയ്-ജൂൺ മാസങ്ങളിൽ നടക്കാനാണ് സാധ്യത. കൂടുതൽ വിവരങ്ങൾ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. www.unionbankofindia.bank.in എന്ന മെയിലിലോ 022/22896240 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം

