തിരുവനന്തപുരം: ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷന്റെ ചില്ലറവിൽപ്പന ശാലകൾക്കും ഒരു ദിവസത്തെ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എംപ്ലോയീസ് സംഘം മുഖ്യമന്ത്രിക്ക് കത്ത് നൽകി. മതപരമായ ആഘോഷങ്ങളിൽ ജീവനക്കാർക്കും പങ്കുചേരാൻ അവസരം നൽകണമെന്നാണ് സംഘടനയുടെ ആവശ്യം.
ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ വിശുദ്ധ ഹജ്ജ് ചടങ്ങുകളുടെ ഭാഗമായി ആഘോഷിക്കുന്ന ബക്രീദ് ദിനത്തിൽ സംസ്ഥാന സർക്കാർ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചതിനെ സംഘടന സ്വാഗതം ചെയ്തതായും കത്തിൽ വ്യക്തമാക്കുന്നു. ഇതോടൊപ്പം ബെവ്കോ ജീവനക്കാർക്കും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി പ്രത്യേക അവധി അനുവദിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അവധി പ്രകാരം മെയ് 27, 28 തീയതികളിലാണ് ബക്രീദ് അവധി. കലണ്ടർ പ്രകാരമുള്ള അവധി മെയ് 27 ആയിരുന്നെങ്കിലും സംസ്ഥാനത്ത് ബക്രീദ് ആഘോഷം മെയ് 28ന് നടക്കുന്നതിനാൽ അന്നും സർക്കാർ ഓഫീസുകൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ബെവ്കോ ഔട്ട്ലെറ്റുകൾക്കും സമാനമായ അവധി അനുവദിക്കണമെന്ന ആവശ്യം ജീവനക്കാരുടെ സംഘടന ഉന്നയിച്ചിരിക്കുന്നത്.

