മലപ്പുറം: മലബാർ മേഖലയിലെ പ്ലസ് വൺ പ്രവേശനത്തിൽ സീറ്റ് ക്ഷാമം ഗൗരവകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പ്രത്യേകിച്ച് മലപ്പുറത്തും പാലക്കാട്ടുമാണ് സീറ്റുകളുടെ കുറവ് കൂടുതൽ പ്രകടമാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ആദ്യ അലോട്ട്മെന്റിൽ തന്നെ അധിക ബാച്ചുകൾ ഉൾപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സമയപരിധി കുറവാണെങ്കിലും വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമല്ല, ശാശ്വതമായ പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഒരു വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സി വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് അതേ ജില്ലയിൽ പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുന്ന രീതിയിലേക്ക് സീറ്റ് ക്രമീകരണം നടത്താൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ അടിസ്ഥാനത്തിലുള്ള ക്രമീകരണവും പരിഗണനയിലുണ്ട്.
അതേസമയം, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിലും സർക്കാർ നിയമപരമായ സാധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുൻ സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ച ശേഷമുള്ള നടപടിക്രമങ്ങളും കേന്ദ്രം അനുവദിച്ച ഫണ്ടുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

