എറണാകുളം: മുഖ്യമന്ത്രിയായി സിനിമകളിൽ പലതവണ അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ ആ ചുമതല വഹിക്കുന്നത് ഏറെ ഉത്തരവാദിത്തമുള്ള കാര്യമാണെന്ന് നടൻ മമ്മൂട്ടി. എറണാകുളം ജില്ലയിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായ വി ഡി സതീശനെയും ജില്ലയിലെ മന്ത്രിമാരെയും എംഎൽഎമാരെയും ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണ പരിപാടിയിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയെ അനുമോദിച്ചത്. തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ച അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം.
സിനിമയിലെ അഭിനയം ഒരു നിശ്ചിത സമയത്തേക്കുള്ളതും അനുഭവത്തിലൂടെ എളുപ്പമാകുന്നതുമായ കാര്യമാണെന്ന് പറഞ്ഞ മമ്മൂട്ടി, എന്നാൽ യഥാർത്ഥത്തിൽ മുഖ്യമന്ത്രിയായി പ്രവർത്തിക്കുന്നത് അതിൽനിന്ന് തികച്ചും വ്യത്യസ്തമാണെന്ന് വ്യക്തമാക്കി.
ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുക, അവരുമായി സംവദിക്കുക, പരിഹാരങ്ങൾ കണ്ടെത്തുക, ഭരണസംവിധാനത്തെ ഏകോപിപ്പിക്കുക, മന്ത്രിസഭയെ നയിക്കുക തുടങ്ങി വലിയ ഉത്തരവാദിത്തങ്ങളാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭരണച്ചുമതല നീതിപൂർവ്വവും ശ്രദ്ധാപൂർവ്വവും നിർവഹിക്കാൻ മുഖ്യമന്ത്രിക്ക് കഴിയട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു. ചടങ്ങിൽ വി ഡി സതീശനെ പൊന്നാട അണിയിച്ചും അദ്ദേഹം ആദരിച്ചു.

