ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ രവി നെലക്കുടിറ്റി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ നിലവിലെ ഷെഡ്യൂൾ പൂർത്തിയായി. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ അടുത്ത ഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ടൈറ്റിൽ പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു.
താത്കാലികമായി DQ41 എന്ന പേരിൽ അറിയപ്പെടുന്ന ചിത്രം എസ്എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമ്മിക്കുന്നത്. നിർമാണ സ്ഥാപനത്തിന്റെ പത്താമത്തെ ചിത്രമാണിത്.
ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത് പൂജ ഹെഗ്ഡെയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രണയത്തെ ആസ്പദമാക്കി കഥ പറയുന്ന ചിത്രമെന്നാണ് ലഭിക്കുന്ന വിവരം.
വലിയ കാൻവാസിലും ഉയർന്ന സാങ്കേതിക നിലവാരത്തിലുമാണ് ചിത്രം ഒരുക്കുന്നത്. വിവിധ ഭാഷകളിലെ പ്രമുഖ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.
ദുൽഖറിന്റെ കരിയറിലെ നാൽപത്തിയൊന്നാമത്തെ ചിത്രമായ ഇത് തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യാനാണ് പദ്ധതി.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്. ഛായാഗ്രഹണം അനയ് ഓം ഗോസ്വാമിയും പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ലയും നിർവഹിക്കുന്നു.
അതേസമയം, ദുൽഖർ നായകനായി എത്തുന്ന മറ്റ് ചിത്രങ്ങളായ ‘ഐ ആം ഗെയിം’, ‘ആകാശം ലോ ഓക താര’ എന്നിവയും റിലീസിനായി ഒരുങ്ങുകയാണ്.

