Home WORLD CUP 26ഖത്തറിനെ ആറ് ഗോളിന് തകർത്തുതരിപ്പണമാക്കി കാനഡ; ജൊനാഥൻ ഡേവിഡിന് ഹാട്രിക് തിളക്കം, തഹ്‌സിൻ മുഹമ്മദ് അരങ്ങേറിയില്ല

ഖത്തറിനെ ആറ് ഗോളിന് തകർത്തുതരിപ്പണമാക്കി കാനഡ; ജൊനാഥൻ ഡേവിഡിന് ഹാട്രിക് തിളക്കം, തഹ്‌സിൻ മുഹമ്മദ് അരങ്ങേറിയില്ല

by news_desk
0 comments

ലോകകപ്പ് ഫുട്ബോളിൽ സ്വന്തം തടങ്കലായ വാൻകൂവറിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി കാനഡയ്ക്ക് ചരിത്രത്തിലെ സമാനതകളില്ലാത്ത വമ്പൻ ജയം. ഗ്രൂപ്പ് ബിയിലെ നിർണായക പോരാട്ടത്തിൽ എതിരില്ലാത്ത അരഡസൻ ഗോളുകൾക്ക് ഏഷ്യൻ കരുത്തരായ ഖത്തറിനെ കാനഡ തകർത്തുതരിപ്പണമാക്കി. ഈ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക് കുറിച്ച സ്റ്റാർ സ്ട്രൈക്കർ ജൊനാഥൻ ഡേവിഡിന്റെ അത്യുഗ്രൻ പ്രകടനമാണ് കാനഡയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. മലയാളി താരം തഹ്‌സിൻ മുഹമ്മദ് ഖത്തർ നിരയിൽ ഇന്ന് അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും താരം കളത്തിലിറങ്ങിയില്ല.

മത്സരത്തിന്റെ 16-ാം മിനിറ്റിൽ സൈൽ ലാറിൻ തുടങ്ങിയ ഗോൾവേട്ട പിന്നീട് കാനഡ പൂർണ്ണമായി ഏറ്റെടുക്കുകയായിരുന്നു. 29-ാം മിനിറ്റിൽ കാനഡയുടെ രണ്ടാം ഗോൾ നേടിയ ജൊനാഥൻ ഡേവിഡ്, പിന്നീട് ആദ്യ പകുതിയുടെയും രണ്ടാം പകുതിയുടെയും ഇഞ്ചുറി ടൈമുകളിൽക്കൂടി വലകുലുക്കിയാണ് തന്റെ ഹാട്രിക് തികച്ചത്. ലയണൽ മെസ്സിക്ക് ശേഷം ഈ ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയും ഇതോടെ ജൊനാഥൻ സ്വന്തമാക്കി. കാനഡയ്ക്കായി 64-ാം മിനിറ്റിൽ ജൊനാഥൻ സാലിബയും ലക്ഷ്യം കണ്ടപ്പോൾ ഖത്തർ താരം മുഹമ്മദ് മിനായിയുടെ സെൽഫ് ഗോളും കാനഡയുടെ ഗോൾപട്ടിക തികച്ചു.

മറുവശത്ത് അച്ചടക്കമില്ലാത്ത കളി ശൈലിക്ക് ഖത്തറിന് കനത്ത വില നൽകേണ്ടിവന്നു. രണ്ട് പ്രധാന താരങ്ങൾ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ഒൻപത് പേരുമായാണ് ഖത്തർ മത്സരം പൂർത്തിയാക്കിയത്. 33-ാം മിനിറ്റിൽ ഹൊമാം അഹമ്മദും 53-ാം മിനിറ്റിൽ അസിം മദിബോയും ചുവപ്പുകാർഡ് വാങ്ങി പുറത്തുപോയി. മദിബോയുടെ ക്രൂരമായ ഫൗളിൽ കാനഡയുടെ മധ്യനിര താരം ഇസ്മായിൽ കോനെയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആളെണ്ണം കുറഞ്ഞതോടെ പ്രതിരോധത്തിലായ ഖത്തറിന് മത്സരത്തിൽ ഒരു ഘട്ടത്തിലും മികച്ച നീക്കങ്ങൾ നടത്താനായില്ല.

ഈ വമ്പൻ ജയത്തോടെ മികച്ച ഗോൾ വ്യത്യാസത്തിൽ സ്വിറ്റ്‌സർലാൻഡിനെ മറികടന്ന് കാനഡ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. നേരത്തെ നടന്ന മത്സരത്തിൽ ബോസ്‌നിയ ഹെർസഗോവിനയെ സ്വിറ്റ്‌സർലാൻഡ് 4-1 ന് തോൽപ്പിച്ചിരുന്നു. ആദ്യ മത്സരങ്ങളിൽ സമനില വഴങ്ങിയിരുന്ന ഖത്തറിന്റെയും ബോസ്‌നിയയുടെയും അടുത്ത റൗണ്ട് മുന്നേറ്റം ഈ വൻ തോൽവികളോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

You may also like