ലോസ് അഞ്ചലസ്: ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ ബോസ്നിയ ഹെർസഗോവിനയുടെ കടുത്ത പ്രതിരോധപ്പൂട്ട് പൊളിച്ച് സ്വിറ്റ്സർലാൻഡിന് തകർപ്പൻ വിജയം. ലോസ് അഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സ്വിസ് പട ബോസ്നിയയെ തകർത്തത്. ആദ്യ 75 മിനിറ്റോളം സ്വിസ് ആക്രമണങ്ങളെ വീറോടെ ചെറുത്തുനിന്ന ബോസ്നിയ, അവസാന അരമണിക്കൂറിൽ വഴങ്ങിയ ചുവപ്പുകാർഡോടെ പൂർണ്ണമായി തകരുകയായിരുന്നു. ആദ്യപകുതി ഇരുടീമുകളും ഗോൾരഹിത സമനിലയിലാണ് പിരിഞ്ഞത്.
രണ്ടാം പകുതിയിൽ സ്വിസ് കോച്ച് മുറാത്ത് യാക്കിൻ വരുത്തിയ തന്ത്രപരമായ മാറ്റങ്ങളാണ് കളിയുടെ ഗതി മാറ്റിയത്. എഴുപതാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ ജൊഹാൻ മൻസാംബി വെറും നാല് മിനിറ്റിനുള്ളിൽ ബോസ്നിയൻ വല ചലിപ്പിച്ച് സ്വിറ്റ്സർലാൻഡിന് ലീഡ് സമ്മാനിച്ചു. ഇതോടെ 1950-ന് ശേഷം ലോകകപ്പിൽ സ്വിറ്റ്സർലാൻഡിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര റെക്കോർഡും മൻസാംബി സ്വന്തമാക്കി.
മൻസാംബിയുടെ ഗോളിന് തൊട്ടുപിന്നാലെ ബോസ്നിയക്ക് അടുത്ത പ്രഹരമേറ്റു. എൺപതാം മിനിറ്റിൽ സ്വിസ് താരം ബ്രീൽ എംബോളയെ ബോക്സിന് തൊട്ടുപുറത്ത് വെച്ച് ഫൗൾ ചെയ്തതിന് ബോസ്നിയൻ പ്രതിരോധനിരക്കാരൻ താരിക് മുഹറമോവിച്ച് ചുവപ്പുകാർഡ് കണ്ട് പുറത്തായി. പത്തുപേരുമായി ചുരുങ്ങിയ ബോസ്നിയക്കെതിരെ സ്വിസ് പട ആക്രമണം അഴിച്ചുവിട്ടു. 84-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ റൂബൻ വർഗാസ് സ്വിറ്റ്സർലാൻഡിന്റെ രണ്ടാം ഗോൾ നേടി. കളത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത വർഗാസ് ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ആറ് മിനിറ്റിനുള്ളിൽ മൻസാംബി തന്റെ വ്യക്തിഗത രണ്ടാം ഗോളിലൂടെ സ്വിസ് ലീഡ് 3-0 ആയി ഉയർത്തി.
മത്സരത്തിലുടനീളം സ്വിസ് പ്രതിരോധത്തെ പരീക്ഷിച്ച ബോസ്നിയ, ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ (93-ാം മിനിറ്റ്) ഒരു ആശ്വാസ ഗോൾ മടക്കി. കോർണർ കിക്കിൽ നിന്നും ലഭിച്ച പന്ത് പകരക്കാരൻ എർമിൻ മഹ്മിച്ചാണ് വലയിലെത്തിച്ചത്. എന്നാൽ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ സ്വിസ് താരം ഡ്രിബിൽ സൗവിനെ ബോസ്നിയൻ താരം അമർ മെമിച്ച് ബോക്സിനുള്ളിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്ക് എടുത്ത സ്വിസ് നായകൻ ഗ്രാനിറ്റ് ഷാക്കയ്ക്ക് പിഴച്ചില്ല. ബോസ്നിയൻ ഗോളി നിക്കോള വാസിലി പന്ത് തടയാൻ ശ്രമിച്ചെങ്കിലും വേഗതയേറിയ ഷോട്ട് വലയിൽ പതിച്ചതോടെ സ്വിറ്റ്സർലാൻഡ് 4-1 ന്റെ ആധികാരിക വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി സ്വിറ്റ്സര്‍ലാന്‍ഡ് ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി, റൗണ്ട് ഓഫ് 32 സാധ്യതകൾ സജീവമാക്കി. രണ്ട് കളികളിൽ നിന്ന് കേവലം ഒരു പോയിന്റ് മാത്രമുള്ള ബോസ്നിയക്ക് അടുത്ത മത്സരം ജീവന്മരണ പോരാട്ടമാണ്. അവസാന മത്സരത്തിൽ ഖത്തറിനെ വൻ മാർജിനിൽ തോൽപ്പിച്ചാൽ മാത്രമേ അവർക്ക് ഇനി അടുത്ത റൗണ്ടിലേക്ക് വഴിതുറക്കൂ.

