ഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സിജെപി) ഔദ്യോഗിക രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് യുവ അഭിഭാഷകന്. ഹരിയാന സ്വദേശിയായ സുധീര്‍ ജഖറാണ് അപേക്ഷ സമര്‍പ്പിച്ചത്. പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനത്തേക്ക് സ്വന്തം പേരും നിര്‍ദേശിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
യുവജനങ്ങളുടെ ആശങ്കകളും സാമൂഹിക വിഷയങ്ങളും രാഷ്ട്രീയ വേദിയിലേക്ക് കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് സുധീര്‍ ജഖര്‍ പ്രതികരിച്ചു. സിജെപി വെറും ഓണ്‍ലൈന്‍ പ്രതിഷേധ വേദിയായി തുടരാതെ ഔദ്യോഗിക രാഷ്ട്രീയ സംഘടനയായി മാറേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്തെ മുന്‍പരിചയവും സാമൂഹിക പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത അനുഭവവും ചൂണ്ടിക്കാട്ടിയാണ് നേതൃത്വം ഏറ്റെടുക്കാന്‍ താന്‍ യോഗ്യനാണെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചത്.
എന്നാല്‍ ഈ നീക്കത്തിനെതിരെ സിജെപിയുടെ സ്ഥാപകനെന്ന് അവകാശപ്പെടുന്ന അഭിജീത് ദീപ്കെ രംഗത്തെത്തി. ഔദ്യോഗിക അംഗീകാരമില്ലാതെ സമര്‍പ്പിച്ച അപേക്ഷ പാര്‍ട്ടിയുടെ നിലപാടല്ലെന്നും ഇത്തരത്തിലുള്ള നടപടികള്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയെ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സ്ഥാപകസംഘം തന്നെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെയും രാഷ്ട്രീയ ആക്ഷേപഹാസ്യത്തിലൂടെയും ശ്രദ്ധ നേടിയ കൂട്ടായ്മയാണ് സിജെപി. തൊഴിലില്ലായ്മ, വിദ്യാഭ്യാസം, സാമൂഹിക അസമത്വം തുടങ്ങിയ വിഷയങ്ങളില്‍ യുവജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന വേദിയെന്ന രീതിയിലാണ് ഇത് വളര്‍ന്നത്.
യുവാക്കളെ സംബന്ധിച്ച പരാമര്‍ശത്തെ തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധങ്ങളുടെയും ഓണ്‍ലൈന്‍ ചര്‍ച്ചകളുടെയും പശ്ചാത്തലത്തിലായിരുന്നു ഈ കൂട്ടായ്മ രൂപം കൊണ്ടത്. പിന്നീട് സാമൂഹിക വിമര്‍ശനങ്ങള്‍ക്കും രാഷ്ട്രീയ പരിഹാസങ്ങള്‍ക്കും വേദിയായാണ് സിജെപി ശ്രദ്ധ നേടിയത്.
ഇപ്പോഴത്തെ അപേക്ഷയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് എന്ത് നിലപാട് സ്വീകരിക്കുമെന്നതും, സിജെപി ഔദ്യോഗിക രാഷ്ട്രീയ രൂപത്തിലേക്ക് മാറുമോയെന്നതും ശ്രദ്ധേയമായ വിഷയമായി മാറിയിരിക്കുകയാണ്.

