Home Keralaദളിത് യുവതിയെ പീഡിപ്പിച്ച കേസ്: ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി

by news_desk
0 comments

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ ഒടുവിൽ പോലീസിന് മുന്നിൽ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെ പാലക്കാട് ടൗൺ പോലീസ് സ്റ്റേഷനിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ പോലീസ് തിരച്ചിൽ ശക്തമാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങൽ. ഇയാളെ അടിയന്തിരമായി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് തന്റെ താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി പ്രശോഭ് വത്സൻ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് കേസ് എടുത്തത്. പരാതി വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് സാധിക്കാതിരുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെ, അറസ്റ്റ് ഒഴിവാക്കാനായി പാലക്കാട്ടെ ഒരു അഭിഭാഷകൻ മുഖേന മണ്ണാർക്കാട് എസ്‌സി/എസ്ടി പ്രത്യേക കോടതിയിൽ പ്രശോഭ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. താൻ നിരപരാധിയാണെന്നും ജാമ്യം അനുവദിച്ചാൽ അന്വേഷണവുമായി സഹകരിക്കാമെന്നുമാണ് ഇയാൾ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ പ്രത്യേക കോടതി ഈ വാദം തള്ളി ജാമ്യം നിഷേധിച്ചതോടെയാണ് കൗൺസിലർ ഹൈക്കോടതിയെ സമീപിച്ചത്. ഉയർന്ന കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകാത്തതിനെ തുടർന്ന് പോലീസിന് മുന്നിൽ കീഴടങ്ങുകയല്ലാതെ ഇയാൾക്ക് മറ്റ് വഴികളില്ലാതാവുകയായിരുന്നു. പുതിയ യുഡിഎഫ് സർക്കാരിന്റെ കീഴിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും പോലീസ് കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്.

You may also like