തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തലസ്ഥാനത്തെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണക്കേസിൽ 10 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. തിരിച്ചറിഞ്ഞവരുടെ ചിത്രങ്ങളും വിവരങ്ങളും സിപിഎം നേതൃത്വത്തിന് കൈമാറിയതായാണ് വിവരം. മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവർ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് കൈമാറിയിരിക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
പ്രതികളിൽ ചിലർ പാർട്ടി ഓഫീസിൽ തുടരുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വലിയ പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് സംഘർഷസാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് സിപിഎം നേതൃത്വം നിലപാട് എടുത്തിരിക്കുന്നത്. പാർട്ടി ഓഫീസിനകത്ത് പൊലീസ് പ്രവേശിക്കുന്നത് അംഗീകരിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും പാർട്ടി പ്രതിനിധികളും തമ്മിൽ ചർച്ച തുടരുകയാണ്.
പ്രതികളെ നേരിട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുന്ന കാര്യത്തിൽ ധാരണയിലെത്താൻ ശ്രമം നടക്കുന്നുവെന്നാണ് വിവരം. അതിനിടെ, പാർട്ടി ഓഫീസ് പരിസരത്ത് നിന്ന് പൊലീസ് സേന പിൻമാറണമെന്നും സിപിഎം ആവശ്യപ്പെട്ടു.
ഇഡി പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്ക് വന്നതിന് പിന്നാലെയായിരുന്നു സംഘർഷം ഉണ്ടായത്. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ പ്രതിഷേധക്കാർ തടഞ്ഞതായും തുടർന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇഷ്ടികയും വടികളും ഉപയോഗിച്ചാണ് ആക്രമണമുണ്ടായതെന്നുമാണ് പൊലീസ് പറയുന്നത്.
സംഭവത്തിനിടെ ഇഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റതായും ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും വിവരം ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ദൃശ്യങ്ങളും തെളിവുകളും ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

