Home Keralaകുതിരക്കച്ചവടത്തിലൂടെ കോർപ്പറേഷൻ ഭരണം പിടിക്കാനില്ല; ജനാധിപത്യ മാർഗത്തിലൂടെ തിരിച്ചുപിടിക്കുമെന്ന് ശിവൻകുട്ടി

കുതിരക്കച്ചവടത്തിലൂടെ കോർപ്പറേഷൻ ഭരണം പിടിക്കാനില്ല; ജനാധിപത്യ മാർഗത്തിലൂടെ തിരിച്ചുപിടിക്കുമെന്ന് ശിവൻകുട്ടി

by news_desk1
0 comments

തിരുവനന്തപുരം: കുതിരക്കച്ചവടത്തിലൂടെയോ വഴിവിട്ട മാർഗങ്ങളിലൂടെയോ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാനില്ലെന്ന് സിപിഐഎം നേതാവ് വി. ശിവൻകുട്ടി. ജനഹിതവും ജനാധിപത്യ മര്യാദകളും ഉയർത്തിപ്പിടിച്ച് കൃത്യമായ സമയത്ത് ജനാധിപത്യ മാർഗത്തിലൂടെ നഗരസഭാ ഭരണം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജിവച്ചതിന് പിന്നാലെയായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.

ശ്രീലേഖയുടെ രാജി നഗരസഭാ ഭരണത്തിന്റെ സമ്പൂർണ തകർച്ചയാണെന്ന് ശിവൻകുട്ടി ആരോപിച്ചു. രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ രാജിക്കത്ത് പരസ്യപ്പെടുത്താൻ തയ്യാറാകണം. ഉന്നത സ്ഥാനങ്ങൾക്കായി നടത്തുന്ന വിലപേശലിന്റെ ഭാഗമാണ് രാജി നാടകമെന്നും അദ്ദേഹം വിമർശിച്ചു.

ഇന്ന് ഉച്ചയോടെയാണ് കൗൺസിലർ സ്ഥാനം രാജിവച്ചതായി ബിജെപി നേതാവ് ആർ. ശ്രീലേഖ വാർഡിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വിശദീകരണം. സെപ്റ്റംബർ 30ന് മേയർ വി.വി. രാജേഷിന് രാജിക്കത്ത് നൽകിയെന്നും അതിന്റെ പകർപ്പ് തിങ്കളാഴ്ച ജില്ലാ കളക്ടർക്ക് കൈമാറുമെന്നും ശ്രീലേഖ അറിയിച്ചിരുന്നു.

ശ്രീലേഖയുടെ രാജിവിവരം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു മേയർ വി.വി. രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്റെയും പ്രതികരണം. രാജിയോടെ തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണസമവാക്യങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

You may also like