തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥൻ രത്തൻ ഖേൽക്കറെ നിയമിച്ച നടപടിക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ നിയമനം സർക്കാരിന്റെ ഭാവി രാഷ്ട്രീയ-ഭരണ നിലപാടുകളെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നടപടികളുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ നേരിട്ട ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് ജനങ്ങൾക്കിടയിൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു.
ജാതിയും മതവും അടിസ്ഥാനമാക്കി വോട്ടവകാശം നിഷേധിക്കുന്ന തരത്തിലുള്ള കേന്ദ്ര നയങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെയാണ് സാധാരണയായി ബിജെപി ഭരണകൂടങ്ങൾ പ്രധാന സ്ഥാനങ്ങളിൽ നിയോഗിക്കാറുള്ളതെന്നും അതേ മാതൃകയിലേക്കാണോ സംസ്ഥാന സർക്കാർ നീങ്ങുന്നതെന്ന ആശങ്കയാണ് ഉയരുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശൻ ചുമതലയേൽക്കുന്നതിന് മുമ്പ് നടത്തിയ മംഗലാപുരം സന്ദർശനവും അവിടെ നടന്ന കൂടിക്കാഴ്ചകളും ഇതിനുമുമ്പ് തന്നെ പൊതുചർച്ചയ്ക്ക് ഇടയാക്കിയിരുന്നുവെന്നും അതിന് പിന്നാലെ വന്ന ഈ നിയമനം കൂടുതൽ സംശയങ്ങൾക്ക് വഴിവെക്കുന്നതായും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ തുടർനിലപാടുകളെക്കുറിച്ച് പൊതുസമൂഹത്തിന് വ്യക്തത വരുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

