Home Kerala‘പൊളിറ്റിക്കൽ ക്രിമിനലുകൾ, കഞ്ചാവ് കടത്തുകാർ’ പരാമർശം; ജി. സുധാകരനെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസുമായി സി.പി.ഐ.എം, വക്കീൽ നോട്ടീസ് അയച്ചു

‘പൊളിറ്റിക്കൽ ക്രിമിനലുകൾ, കഞ്ചാവ് കടത്തുകാർ’ പരാമർശം; ജി. സുധാകരനെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസുമായി സി.പി.ഐ.എം, വക്കീൽ നോട്ടീസ് അയച്ചു

by news_desk
0 comments

ആലപ്പുഴ: കടുത്ത വാക്പോരുകൾക്കും രാഷ്ട്രീയ വെല്ലുവിളികൾക്കും പിന്നാലെ മുൻ മന്ത്രിയും അമ്പലപ്പുഴ എം.എൽ.എയുമായ ജി. സുധാകരനെതിരെ ഒടുവിൽ നിയമനടപടിയുമായി സി.പി.ഐ.എം. ആലപ്പുഴയിൽ പാർട്ടി നേതൃത്വത്തിനെതിരെ സുധാകരൻ നടത്തിയ വിവാദ പ്രസംഗത്തിനെതിരെയാണ് സി.പി.ഐ.എം ഇപ്പോൾ നിയമയുദ്ധത്തിന് ഒരുങ്ങുന്നത്. ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജി. സുധാകരന് വക്കീൽ നോട്ടീസ് അയച്ചു. സി.പി.ഐ.എം നേതാവ് വി.ജി. വിഷ്ണുവാണ് അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചിരിക്കുന്നത്.

തന്റെ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. സി.പി.ഐ.എം നേതാക്കൾക്കെതിരെ ജി. സുധാകരൻ പ്രയോഗിച്ച ‘പൊളിറ്റിക്കൽ ക്രിമിനലുകൾ’, ‘കഞ്ചാവ് കടത്തുകാർ’ തുടങ്ങിയ അധിക്ഷേപ പരാമർശങ്ങൾ തിരുത്തണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിലായിരുന്നു പാർട്ടിയെ പ്രതിരോധത്തിലാക്കിയ സുധാകരന്റെ ആഞ്ഞടിക്കൽ.

പാർട്ടിയുടെ സമുന്നതരായ നേതാക്കളെ പൊതുമധ്യത്തിൽ ഇത്തരത്തിൽ തരംതാഴ്ത്തി ആക്ഷേപിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വി.ജി. വിഷ്ണു വ്യക്തമാക്കി. മന്ത്രി സജി ചെറിയാൻ, എച്ച്. സലാം എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികളെയും സാധാരണക്കാരായ പാർട്ടി പ്രവർത്തകരെയും അപമാനിക്കുന്ന തരത്തിലാണ് സുധാകരന്റെ പ്രസ്താവനകളെന്നും ഇത് ഇനിയും സഹിച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴയിലെ സി.പി.ഐ.എമ്മും ജി. സുധാകരനും തമ്മിൽ ദീർഘനാളായി ആഭ്യന്തര തർക്കങ്ങളും വാദപ്രതിവാദങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും, വിഷയത്തിൽ ഒരു നിയമനടപടിയിലേക്ക് പാർട്ടി കടക്കുന്നത് ഇതാദ്യമായാണ്. ആലപ്പുഴയിലെ പാർട്ടിയെ നിയന്ത്രിക്കുന്നത് കഞ്ചാവ് മാഫിയയും കഞ്ചാവ് കടത്തുകാരുമാണെന്ന സുധാകരന്റെ ആരോപണവും നിലവിലെ പല നേതാക്കളും കേവലം പൊളിറ്റിക്കൽ ക്രിമിനലുകൾ മാത്രമാണെന്ന പ്രതികരണവും വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് സംസ്ഥാനത്ത് ഉയർത്തിയത്. പാർട്ടിയുടെ വക്കീൽ നോട്ടീസിനോട് ജി. സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്നും അദ്ദേഹം മാപ്പ് പറയാൻ തയ്യാറാകുമോ എന്നുമാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.

You may also like