Home Top Storiesലൈഫ് മിഷൻ പിരിച്ചുവിടാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി; സതീശൻ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ഉയരുമെന്ന് സിപിഎം

ലൈഫ് മിഷൻ പിരിച്ചുവിടാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി; സതീശൻ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ഉയരുമെന്ന് സിപിഎം

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമായ ഈ നടപടിയിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറിയില്ലെങ്കിൽ സംസ്ഥാനത്ത് ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി. നിർധനരായ അഞ്ച് ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് വീട് യാഥാർത്ഥ്യമാക്കിയ മാതൃകാപരമായ പദ്ധതിയാണിത്. നിലവിൽ ഒരു ലക്ഷത്തിലേറെ വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതോടൊപ്പം മുൻഗണനാ ക്രമത്തിൽ അടുത്ത ഘട്ടത്തിൽ വീട് ലഭിക്കാനായി കാത്തിരിക്കുന്ന രണ്ട് ലക്ഷത്തിലധികം ഭൂമിയുള്ള കുടുംബങ്ങളുടെയും ഭൂമിയില്ലാത്തവരുടെയും പ്രതീക്ഷകളെയാകെ തച്ചുതകർക്കുന്ന സമീപനമാണ് പുതിയ സർക്കാർ സ്വീകരിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.

ലൈഫ് മിഷൻ വഴി 20 ലക്ഷത്തിലധികം ആളുകളാണ് സ്വന്തമായി ഒരു വീടെന്ന അഭിമാനത്തോടെ ഇന്ന് ജീവിക്കുന്നത്. ഇത്തരം വീടുകളിൽ നിർബന്ധപൂർവ്വം ബ്രാൻഡിംഗ് നടത്തണമെന്ന കേന്ദ്ര നിർദ്ദേശത്തെപ്പോലും ജനങ്ങളെ മുൻനിർത്തി പ്രതിരോധിച്ചാണ് കേരളം ഈ അഭിമാനനേട്ടം കൈവരിച്ചത്. മുൻപ് കേന്ദ്ര സർക്കാരും ബിജെപിയും ഈ പദ്ധതിയെ അട്ടിമറിക്കാൻ നിരന്തരം ശ്രമിച്ചതിന്റെ തുടർച്ചയായാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ പദ്ധതി തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ മികച്ച ഉദാഹരണമായ ഈ പദ്ധതിയിൽ നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം അപേക്ഷ ക്ഷണിച്ച് ഗ്രാമസഭകളും പഞ്ചായത്തുകളും ചർച്ച ചെയ്താണ് ഗുണഭോക്താക്കളുടെ മുൻഗണനാ പട്ടിക തയാറാക്കിയത്. രാജ്യത്ത് ഭവന പദ്ധതികൾക്കായി ഏറ്റവും ഉയർന്ന തുക നൽകുന്ന സംസ്ഥാനം കേരളമാണ്. പട്ടികവർഗ മേഖലകളിൽ ആറ് ലക്ഷം രൂപയും ജനറൽ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് നിലവിൽ നൽകിപ്പോരുന്നത്. ഈ വർഷം മാർച്ച് ആദ്യം വരെയുള്ള കണക്കനുസരിച്ച് അനുവദിച്ച 6,04,046 വീടുകളിൽ 5,00,364 വീടുകൾ പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്നവ പൂർത്തിയാകുന്നതിന് മുൻപാണ് പുതിയ സർക്കാരിന്റെ ഈ അടിയന്തിര പിരിച്ചുവിടൽ പ്രഖ്യാപനം വന്നിരിക്കുന്നത്.

ലൈഫ് മിഷനൊപ്പം ഹരിത കേരള മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്ര കേരള മിഷൻ തുടങ്ങിയ മറ്റ് സുപ്രധാന മിഷനുകളും പിരിച്ചുവിടുമെന്ന പ്രഖ്യാപനം നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നതാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗവും സർക്കാർ ആശുപത്രികളും കൈവരിച്ച വലിയ മുന്നേറ്റങ്ങളെയും പച്ചപ്പും ശുചിത്വവും വീണ്ടെടുക്കാനുള്ള ശ്രമങ്ങളെയും തകിടം മറിക്കാനുള്ള യുഡിഎഫിന്റെ കപട രാഷ്ട്രീയ നീക്കമാണിത്. ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

You may also like