ന്യൂഡൽഹി: യുഎപിഎ ചുമത്തപ്പെട്ട കേസുകളിൽ ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ സമീപകാല ഉത്തരവുകളിലുണ്ടായ വൈരുദ്ധ്യങ്ങൾ പരിഹരിക്കാൻ സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം. ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് പുനഃപരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ നിലവിലുണ്ടായിരുന്ന രണ്ടംഗ ബെഞ്ച് വിശദമായ പരിശോധനയ്ക്കായി വിശാല ബെഞ്ചിലേക്ക് കൈമാറി. യുഎപിഎ കേസുകളിൽ ജാമ്യം നൽകുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ രൂപീകരിക്കാനിരിക്കുന്ന മൂന്നംഗ ബെഞ്ചിന്റെ തീരുമാനം ഇനി രാജ്യത്ത് ഏറെ നിർണ്ണായകമാകും.
ഡൽഹി കലാപക്കേസിലെ മറ്റ് രണ്ട് പ്രതികളായ തസ്ലീം അഹമ്മദ്, ഖാലിദ് സൈഫി എന്നിവർക്ക് ആറ് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും പി.ബി. വരാലെയും അടങ്ങുന്ന ബെഞ്ചാണ് വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടുകൊണ്ട് ഉത്തരവിട്ടത്. ഈ വർഷം ജനുവരി അഞ്ചിന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ മറ്റൊരു സുപ്രീം കോടതി ബെഞ്ച്, ജനുവരിയിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിച്ച വിധി നിയമപരമായി ശരിയാണോ എന്ന് പരസ്യമായി സംശയം പ്രകടിപ്പിച്ചിരുന്നു. വിചാരണ നടപടികൾ അകാരണമായി നീണ്ടുപോകുമ്പോൾ ജാമ്യം അനുവദിക്കാമെന്ന മുൻകാല വിധികളുടെ ലംഘനമാണ് അവിടെയുണ്ടായതെന്ന നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കേസ് വിശാല ബെഞ്ചിലേക്ക് മാറ്റിയിരിക്കുന്നത്. ഭീകരവാദ വിരുദ്ധ നിയമങ്ങൾ ചുമത്തപ്പെടുന്ന പ്രതികളുടെ ജാമ്യാവകാശത്തിൽ പുതിയ ഭരണഘടനാപരമായ വ്യാഖ്യാനങ്ങൾക്ക് ഈ കേസ് വഴിതുറക്കുമെന്നാണ് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നത്.

