തിരുവനന്തപുരം: ആഗോളതലത്തിൽ എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പൊതുജനങ്ങൾ യാതൊരു കാരണവശാലും പരിഭ്രാന്തരാകേണ്ടതില്ലെന്നും സർക്കാർ നൽകുന്ന പ്രത്യേക ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. എബോള പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല പ്രത്യേക യോഗം ചേർന്നു. നിലവിൽ ഇന്ത്യയിൽ എവിടെയും എബോള രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.
എബോള രോഗബാധ സ്ഥിരീകരിച്ചിട്ടുള്ള ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ കർശനമായ നിർദ്ദേശങ്ങൾ പാലിക്കണം. യാത്രക്കാർക്ക് പനി, കടുത്ത ക്ഷീണം, തലവേദന, പേശീവേദന, ഛർദ്ദി, വയറിളക്കം, തൊണ്ടവേദന, അസാധാരണമായ രക്തസ്രാവം തുടങ്ങിയ രോഗലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ വിമാനത്താവളത്തിലെ ആരോഗ്യവിഭാഗത്തെ അടിയന്തിരമായി വിവരമറിയിക്കണം. ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാരും നിർദ്ദേശിക്കുന്ന ഹൈ-റിസ്ക് രാജ്യങ്ങളിൽ നിന്നു എത്തുന്നവർക്കായി 21 ദിവസം വരെയുള്ള പ്രത്യേക നിരീക്ഷണ സംവിധാനം ആരോഗ്യവകുപ്പ് സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും രണ്ട് പ്രധാന തുറമുഖങ്ങളിലും എത്തുന്ന യാത്രക്കാരെ വിശദമായ പരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവർക്കായി ഐസൊലേഷൻ സൗകര്യത്തോടുകൂടിയുള്ള പ്രത്യേക തീവ്രപരിചരണ സംവിധാനങ്ങൾ അതത് ജില്ലകളിൽ ക്രമീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ആരോഗ്യ വിഭാഗവും സംസ്ഥാന സർക്കാരിന്റെ ജില്ലാ രോഗനിരീക്ഷണ വിഭാഗവും മെഡിക്കൽ കോളേജുകളും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് അണുബാധ നിയന്ത്രണം, പിപിഇ കിറ്റുകളുടെ കൃത്യമായ ഉപയോഗം, പ്രത്യേക ചികിത്സാ പ്രോട്ടോക്കോളുകൾ എന്നിവയിൽ അടിയന്തര പരിശീലനം ഉറപ്പുവരുത്താൻ മന്ത്രി നിർദ്ദേശം നൽകി.
ഇതിന്റെ ഭാഗമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷന്റെയും വിമാനത്താവള അതോറിറ്റിയുടെയും നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, യാത്രക്കാരുടെ കഴിഞ്ഞ 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവ ഇവിടെ കർശനമാക്കും. വിദേശത്തുനിന്നെത്തുന്ന മുഴുവൻ അന്താരാഷ്ട്ര യാത്രക്കാരും ഇമിഗ്രേഷൻ വിഭാഗത്തിന് നിർബന്ധമായും സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പുതിയ സർക്കാരിന്റെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്.

