അബുദാബി: അഞ്ച് രാജ്യങ്ങൾ ഉൾപ്പെട്ട വിദേശ സന്ദർശന പര്യടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാഷ്ട്രനേതാക്കൾക്ക് സമ്മാനമായി കൈമാറിയത് ഇന്ത്യൻ പൈതൃകവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന പ്രത്യേക ഉൽപ്പന്നങ്ങൾ. യുഎഇ സന്ദർശനത്തിനിടെ രാജകുടുംബത്തിന് നൽകിയ സമ്മാനങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനിന് ഗുജറാത്തിലെ കച്ച് മേഖലയിലെ പ്രശസ്തമായ രോഗൻ പെയിന്റിംഗാണ് സമ്മാനിച്ചത്. ‘ട്രീ ഓഫ് ലൈഫ്’ ആവിഷ്‌കരിക്കുന്ന ഈ കലാരൂപം പാരമ്പര്യത്തിന്റെയും വളർച്ചയുടെയും പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനൊപ്പം ഗുജറാത്തിലെ ജിഐ ടാഗ് നേടിയ കേസർ മാമ്പഴം, മേഘാലയൻ പൈനാപ്പിൾ, മണിപ്പൂരിലെ സുഗന്ധമുള്ള ചക്-ഹാവോ കറുത്ത അരി, മധ്യപ്രദേശിലെ മഹേശ്വരി സിൽക്ക്, തെലങ്കാനയിലെ കരിംനഗർ ഫിലിഗ്രി ശിൽപപെട്ടി എന്നിവയും സമ്മാന പട്ടികയിൽ ഇടം നേടി.
അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദിന് ബിഹാറിലെ മിഥില മേഖലയിൽ നിന്നുള്ള ജിഐ ടാഗ് നേടിയ മഖാനയും രാജസ്ഥാനിലെ കൊഫ്ത്ഗാരി ശൈലിയിൽ നിർമിച്ച അലങ്കാര വാളും സമ്മാനമായി നൽകി.
മറ്റ് രാജ്യങ്ങളിലെ നേതാക്കൾക്കും ഇന്ത്യൻ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന സമ്മാനങ്ങളാണ് മോദി കൈമാറിയത്. ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് അസമിലെ മുഗാ സിൽക്കും മണിപ്പൂരിലെ ഷിരുയി ലില്ലി സിൽക്കും സമ്മാനിച്ചു. നെതർലൻഡ്‌സ്, നോർവേ, സ്വീഡൻ, ഫിൻലൻഡ്, ഐസ്‌ലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾക്കും ചിത്രകല, കൈത്തറി, സാഹിത്യം, കരകൗശലം എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക സമ്മാനങ്ങൾ കൈമാറി.
ഇന്ത്യയുടെ ഭൗമസൂചിക പദവി നേടിയ ഉൽപ്പന്നങ്ങളും പരമ്പരാഗത കലാരൂപങ്ങളും ആഗോള വേദിയിൽ അവതരിപ്പിക്കുന്ന നയതന്ത്ര സമീപനമായാണ് ഈ സമ്മാനങ്ങളെ വിലയിരുത്തുന്നത്.

