കോഴിക്കോട്: കോഴിക്കോട് പവർഗ്രിഡ് സബ്സ്റ്റേഷനിലെ അറ്റകുറ്റപ്പണി നീണ്ടതിനെ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മെയ് 25 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എം.വി.എ ട്രാൻസ്ഫോർമറിന്റെ 220 കെവി ബുഷിംഗിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക ജോലികൾ പൂർണമായി തീർക്കുന്നതിനായി കൂടുതൽ സമയം ആവശ്യമായതായി പവർഗ്രിഡ് കോർപ്പറേഷൻ അറിയിച്ചതോടെ അറ്റകുറ്റപ്പണി മെയ് 25 വരെ നീട്ടുകയായിരുന്നു.
ഇതിന്റെ ഭാഗമായി നാല് ജില്ലകളിലുമായി ചില പ്രദേശങ്ങളിൽ ആവശ്യാനുസരണം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

