കൊച്ചി: എറണാകുളം മലയിടംതുരുത്തിൽ നാളെ നിർണായക നടപടികൾക്ക് സാധ്യത. പ്രദേശത്തെ താമസക്കാരെ ഒഴിപ്പിച്ച് നടപടി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശം നൽകി.
ഒഴിപ്പിക്കൽ നടപടികൾക്കായി നിയോഗിക്കപ്പെടുന്ന അഭിഭാഷക കമ്മീഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും കോടതിയുടെ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ വിഷയത്തിൽ രാഷ്ട്രീയ പ്രതിരോധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഒഴിപ്പിക്കൽ നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി മുൻ മന്ത്രി ബിന്ദു ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് മലയിടംതുരുത്ത് സന്ദർശിക്കും.
നാളത്തെ നടപടികൾ പ്രദേശത്തെ തുടർ സാഹചര്യങ്ങളെ നിർണയിക്കുന്നതാകുമെന്നതിനാൽ മലയിടംതുരുത്തിൽ രാഷ്ട്രീയവും ഭരണപരവുമായ നീക്കങ്ങൾ സജീവമായിരിക്കുകയാണ്.

