Home Sportsകൈവിട്ട ക്യാച്ചുകൾ വിനയായി; തോൽവി സമ്മതിച്ച് പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ

കൈവിട്ട ക്യാച്ചുകൾ വിനയായി; തോൽവി സമ്മതിച്ച് പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ

by news_desk
0 comments

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോടേറ്റ കനത്ത പരാജയത്തിന് പിന്നാലെ ടീമിന്റെ ഫീൽഡിങ് പിഴവുകളെ വിമർശിച്ച് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. നിർണ്ണായക സമയങ്ങളിൽ ക്യാച്ചുകൾ കൈവിട്ടതാണ് തോൽവിക്ക് പ്രധാന കാരണമെന്ന് മത്സരശേഷം അദ്ദേഹം പറഞ്ഞു. തുടർച്ചയായ മൂന്നാം തോൽവിയോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന പഞ്ചാബ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഹൈദരാബാദ് ഇന്നിങ്‌സിന്റെ എട്ടാം ഓവറിൽ ഒൻപത് റണ്‍സ് മാത്രം എടുത്തിരുന്ന ഇഷാൻ കിഷന്റെ ക്യാച്ച് കൂപ്പർ കോണൊലി കൈവിട്ടിരുന്നു. തൊട്ടടുത്ത ഓവറിൽ ഹെന്റിച്ച് ക്ലാസനെ പുറത്താക്കാനുള്ള അവസരം ശശാങ്ക് സിങ്ങും നഷ്ടപ്പെടുത്തി. ഈ പിഴവുകൾക്ക് ടീം വലിയ വിലയാണ് നൽകേണ്ടി വന്നത്. ജീവൻ ലഭിച്ച ഇഷാൻ കിഷൻ 55 റൺസും ഹെന്റിച്ച് ക്ലാസൻ 69 റൺസും അടിച്ചുകൂട്ടി ഹൈദരാബാദിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. ഈ രണ്ടുപേരെയും നേരത്തെ പുറത്താക്കാൻ സാധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്ന് ശ്രേയസ് അയ്യർ ചൂണ്ടിക്കാട്ടി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിരയിൽ ക്ലാസനും ഇഷാൻ കിഷനും പുറമെ ഓപ്പണർമാരായ അഭിഷേക് ശർമ (35), ട്രാവിസ് ഹെഡ് (38) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിലേ പ്രിയൻഷ് ആര്യയെയും പ്രഭ്‌സിമ്രാൻ സിങ്ങിനെയും നഷ്ടമായത് തിരിച്ചടിയായി. എന്നാൽ വൺഡൗണായി ഇറങ്ങിയ കൂപ്പർ കോണൊലി തകർപ്പൻ സെഞ്ചുറിയുമായി (59 പന്തിൽ 107) പൊരുതിയെങ്കിലും മറ്റ് ബാറ്റർമാരിൽ നിന്ന് പിന്തുണ ലഭിക്കാത്തത് പഞ്ചാബിന് വിനയായി. കോണൊലിയുടെയും യുസ്‌വേന്ദ്ര ചാഹലിന്റെയും പ്രകടനത്തെ ക്യാപ്റ്റൻ അഭിനന്ദിച്ചു. വരും മത്സരങ്ങളിൽ നിലവാരം മെച്ചപ്പെടുത്തി സ്ഥിരത നിലനിർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like