തേനി: തമിഴ്നാട്ടിലെ കമ്പം കാട്ടുപള്ളിവാസൽ പ്രദേശത്തെ പടക്ക നിർമാണശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. ഇന്ന് രാവിലെ ശാല തുറക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്. തെരഞ്ഞെടുപ്പിനെ തുടർന്ന് രണ്ട് ദിവസത്തെ അവധിക്കുശേഷം പ്രവർത്തനം പുനരാരംഭിക്കാനെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായത്.
തീ പടർന്ന് വൻ പൊട്ടിത്തെറിയുണ്ടാകുകയും സംഭവസ്ഥലത്ത് തന്നെ രണ്ടുപേർ മരണപ്പെടുകയും ചെയ്തു. കമ്പം സ്വദേശികളായ സൂര്യയും ദീനദയാനനും ആണ് മരിച്ചവർ. അപകടസമയം ശാലയിൽ നാല് പേരാണ് ഉണ്ടായിരുന്നത്.
സംഭവ വിവരം ലഭിച്ചതോടെ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

