Home Keralaസ്റ്റേഷൻ മാർച്ചിലെ മുദ്രാവാക്യം വിവാദം; ആർ ശ്രീലേഖക്കെതിരെ കേസ്, പൊലീസ് നടപടി ശക്തമാക്കി

സ്റ്റേഷൻ മാർച്ചിലെ മുദ്രാവാക്യം വിവാദം; ആർ ശ്രീലേഖക്കെതിരെ കേസ്, പൊലീസ് നടപടി ശക്തമാക്കി

by news_desk1
0 comments

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിനിടെ പോലീസിനെതിരായ മുദ്രാവാക്യം വിളി വിവാദമായ പശ്ചാത്തലത്തിൽ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ കേസിൽ പ്രതിചേർത്തു. സമരം ഉദ്‌ഘാടനം ചെയ്തിരുന്ന ശ്രീലേഖയെ ആദ്യഘട്ടത്തിൽ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും വിവാദം ശക്തമായതോടെ പൊലീസ് പ്രത്യേക റിപ്പോർട്ട് നൽകി നടപടിയിലേക്ക് നീങ്ങി.

‘‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ’’ എന്ന മുദ്രാവാക്യം വിളിച്ചതാണ് കേസിന് വഴിവച്ചത്. ശ്രീലേഖയെ ഒഴിവാക്കിയതിനെതിരെ വി കെ പ്രശാന്ത് എംഎൽഎ രംഗത്തെത്തിയതോടെയാണ് പൊലീസ് നടപടി വേഗത്തിലായത്. ശ്രീലേഖയ്ക്കൊപ്പം തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശ നാഥനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

സംഭവത്തിൽ പ്രതികരിച്ച ആർ ശ്രീലേഖ, ‘‘പോലീസ് അവരുടെ ജോലി ചെയ്യട്ടെ’’ എന്നായിരുന്നു നിലപാട്. അതേസമയം, സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ വി കെ പ്രശാന്ത് എംഎൽഎ വീണ്ടും വിമർശനവുമായി രംഗത്തെത്തി. കമ്മീഷണറുടെ നടപടികൾ പൊലീസ് സേനയുടെ മനോവീര്യം തകർക്കുന്നതാണെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് ഐപിഎസ് അസോസിയേഷനിലും അതൃപ്തി ഉയർന്നിട്ടുണ്ട്. മുൻ ഡിജിപിമാർ പോലീസിനെതിരായി ഇത്തരത്തിൽ പ്രതികരിക്കുന്നത് യോജിച്ചതല്ലെന്ന നിലപാടാണ് സംഘടനയിൽ ഉയർന്നത്.

അതേസമയം, വട്ടിയൂർക്കാവ് സംഘർഷത്തെ തുടർന്നുള്ള ബിജെപിയുടെ തുടർച്ചയായ പ്രതിഷേധങ്ങൾക്കിടെ സ്റ്റേഷൻ എസ്‌എച്ച്ഒ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.

You may also like