Home Keralaഹരിപ്പാട് ഡിവൈഎഫ്‌ഐ ഫുട്‌ബോൾ വിളംബര ജാഥ; 25ഓളം പ്രവർത്തകർക്കെതിരെ കേസ്

ഹരിപ്പാട് ഡിവൈഎഫ്‌ഐ ഫുട്‌ബോൾ വിളംബര ജാഥ; 25ഓളം പ്രവർത്തകർക്കെതിരെ കേസ്

by news_desk1
0 comments

ആലപ്പുഴ: ഹരിപ്പാട്ടിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്‌ബോൾ വിളംബര ജാഥയുമായി ബന്ധപ്പെട്ട് 25ഓളം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ദേശീയപാതയിൽ അന്യായമായി സംഘം ചേർന്നു, വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും തടസം സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കേസിനെതിരെ പ്രതിഷേധവുമായി ജൂൺ 17ന് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് കായികപ്രേമികളെയും യുവതി-യുവാക്കളെയും പങ്കെടുപ്പിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധ വിളംബര ജാഥ സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു.

ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ, ബ്ലോക്ക് സെക്രട്ടറി, പ്രസിഡന്റ് എന്നിവരടക്കമുള്ള നേതാക്കൾ ജാഥയിൽ പങ്കെടുത്തിരുന്നു. ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് വിവിധ ഏരിയാ കേന്ദ്രങ്ങളിൽ വിളംബര പരിപാടികൾ സംഘടിപ്പിച്ചതെന്ന് സംഘടന വിശദീകരിക്കുന്നു.

ഇതിന്റെ ഭാഗമായി ഓരോ ബ്ലോക്ക് കമ്മിറ്റിയും സമാന പരിപാടികൾ നടത്തിയിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങൾക്ക് സാധാരണയായി അറിയിപ്പ് നൽകാറുണ്ടെന്നും ഈ പരിപാടിക്കും അറിയിപ്പ് നൽകിയിരുന്നുവെന്നും, എന്നാൽ പ്രത്യേക അനുമതി എടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹരിപ്പാട് എസ്.ഐ ബാബുജിയുടെ നേതൃത്വത്തിൽ ജാഥ തടഞ്ഞതെന്നും ഡിവൈഎഫ്‌ഐ ആരോപിക്കുന്നു.

ടൗൺ ഹാളിന് മുന്നിൽ നിന്ന് ആരംഭിച്ച ജാഥ ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് സമീപം എത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്.

എസ്.ഐയ്ക്ക് സ്ഥലംമാറ്റം

സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നൽകിയ പരാതിയെ തുടർന്ന് എസ്.ഐ ബാബുജിയെ ഹരിപ്പാട്ടിൽ നിന്ന് കരീലക്കുളങ്ങരയിലേക്ക് അടിയന്തരമായി സ്ഥലംമാറ്റി. ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.

ജാഥയ്ക്ക് കുറുകെ പൊലീസ് ജീപ്പ് നിർത്തി സംഘർഷാവസ്ഥ സൃഷ്ടിക്കാൻ എസ്.ഐ ശ്രമിച്ചുവെന്നാണ് ഡിവൈഎഫ്‌ഐ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആരോപിച്ചത്. വിഷയത്തിൽ ആഭ്യന്തരവകുപ്പ് മന്ത്രിയുടെ ഓഫീസും ഇടപെട്ടതായാണ് വിവരം.

സംഭവത്തിൽ പ്രത്യേക ബ്രാഞ്ച് റിപ്പോർട്ടും ജില്ലാ പൊലീസ് മേധാവി തേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും ഹരിപ്പാട് പൊലീസും സി.പി.ഐ.എം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഉച്ചഭാഷിണിയിലൂടെ ശബ്ദമലിനീകരണം സൃഷ്ടിച്ചതടക്കമുള്ള കുറ്റങ്ങളാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് രണ്ട് വർഷം വരെ തടവും ഉയർന്ന പിഴയും ലഭിക്കാവുന്ന വകുപ്പുകളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ ആരോപിച്ചു. ഡിവൈഎഫ്‌ഐയുടെ പരിപാടി സംഘടിപ്പിച്ചതാണ് എസ്.ഐയെ ചൊടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വളരെ സമാധാനപരമായി കായികപ്രേമികളെയും യുവതി-യുവാക്കളെയും ഉൾപ്പെടുത്തിയാണ് ജാഥ സംഘടിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ജാഥ കടന്നുവരുന്നതിനിടെ സിവിൽ ഡ്രസിൽ എത്തിയ എസ്.ഐ പൊലീസ് ജീപ്പ് കുറുകെ നിർത്തി ജാഥ തടയാൻ ശ്രമിച്ചുവെന്നും അനൗൺസ്‌മെന്റ് വാഹനം പിടിച്ചെടുക്കാൻ ശ്രമിച്ചുവെന്നും സുരേഷ് കുമാർ ആരോപിച്ചു.

ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് സംഘർഷാവസ്ഥ സൃഷ്ടിക്കാൻ നേതൃത്വം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്കെതിരെ അന്യായ നടപടിയാണ് സ്വീകരിച്ചതെന്നും, അതിനെതിരായ പ്രതിഷേധം തുടരുമെന്നും ഡിവൈഎഫ്‌ഐ നേതൃത്വം അറിയിച്ചു.

You may also like