തെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള നിർണായക സമാധാന ധാരണയിലേക്ക് ഇറാനും അമേരിക്കയും അടുക്കുന്നതായി സൂചന. സമാധാന കരാറിൽ ഇന്ന് ഒപ്പുവെക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. കരാർ നിലവിൽ വന്നാൽ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവിയിൽ ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും, രാജ്യത്ത് സൂക്ഷിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അമേരിക്കയുടെ നിയന്ത്രണത്തിൽ നശിപ്പിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ അമേരിക്ക താൽപര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കരാർ നടപ്പാകാതിരുന്നാൽ മറ്റ് മാർഗങ്ങൾ തേടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സമാധാന ധാരണാപത്രം അടുത്ത 24 മണിക്കൂറിനുള്ളിൽ ഒപ്പുവെക്കുമെന്ന സൂചന പാകിസ്താൻ പ്രധാനമന്ത്രിയും നൽകിയിരുന്നു. എന്നാൽ ട്രംപിന്റെ പ്രസ്താവനകളോട് ഇറാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, കരാർ ഇന്ന് ഒപ്പിടാനുള്ള സാധ്യത കുറവാണെന്ന നിലപാടാണ് ഇറാൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയത്. വരും ദിവസങ്ങളിൽ സമാധാന ധാരണയിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും ഞായറാഴ്ച തന്നെ ഒപ്പിടൽ നടക്കുമെന്നുറപ്പില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു.
പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ സമാധാന ധാരണാപത്രത്തെ കേന്ദ്രീകരിച്ചുള്ളതാണെന്നും, ആണവ കരാറുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നിലവിലെ ചർച്ചകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, തെക്കൻ ലെബനനിൽ ഇസ്രയേൽ സൈനിക നടപടി തുടരുകയാണ്. പുതിയ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സർക്കാർ കെട്ടിടങ്ങളും നിരവധി വീടുകളും ആക്രമണത്തിൽ തകർന്നതായും ലെബനനിലെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

