ബാങ്കുകൾ വഴി നികുതി നടപടികൾ ലളിതമാക്കാൻ ‘ഫോം 125’ എത്തി; പെൻഷനും പലിശയും മാത്രം വരുമാനമുള്ളവർക്ക് ആനുകൂല്യം
മുതിർന്ന പൗരന്മാർക്ക് ആദായനികുതി നടപടികളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 75 വയസ്സിന് മുകളിലുള്ളവർക്ക് ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്ന പുതിയ പരിഷ്‌കാരം 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. നികുതി നടപടികൾ പൂർണ്ണമായും ബാങ്കുകൾ വഴി ലളിതമാക്കുന്നതിനായി പുതുതായി അവതരിപ്പിച്ച ‘ഫോം 125’ ആണ് ഇതിന് സഹായിക്കുന്നത്. നേരത്തെ നിലവിലുണ്ടായിരുന്ന ‘ഫോം 12BBA’ പരിഷ്‌കരിച്ചാണ് 2025-ലെ ആദായനികുതി നിയമപ്രകാരം പുതിയ ഫോം നിലവിൽ വന്നത്. 75 വയസ്സോ അതിനു മുകളിലോ പ്രായമുള്ള ഇന്ത്യയിൽ താമസിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പെൻഷൻ തുകയോ അല്ലെങ്കിൽ നിശ്ചിത ബാങ്കിലെ നിക്ഷേപത്തിൽ നിന്നുള്ള പലിശയോ മാത്രം വരുമാനമുള്ളവർക്കാണ് റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്ന് ഇളവ് ലഭിക്കുക. എന്നാൽ പെൻഷൻ ലഭിക്കുന്ന അതേ ബാങ്കിൽ തന്നെയായിരിക്കണം നിക്ഷേപങ്ങളും ഉണ്ടാകേണ്ടത് എന്ന നിബന്ധനയുണ്ട്. വാടക വരുമാനം, ബിസിനസ് ലാഭം, ഓഹരി വിപണിയിൽ നിന്നുള്ള ആദായം എന്നിവ ഉള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. പഴയ നികുതി വ്യവസ്ഥ തുടരുന്നവർക്ക് സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്കും സെക്ഷൻ 80TTB പ്രകാരം നിക്ഷേപങ്ങളിൽ നിന്നുള്ള പലിശയ്ക്ക് 50,000 രൂപ വരെയും നികുതി ഇളവ് നേടാം.
ആരോഗ്യ സംരക്ഷണത്തിനായി സെക്ഷൻ 80D പ്രകാരം ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിന് 50,000 രൂപ വരെയും ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി സെക്ഷൻ 80DDB പ്രകാരം ഒരു ലക്ഷം രൂപ വരെയും ഇളവ് ലഭിക്കും. മുതിർന്ന പൗരന്മാർക്കായുള്ള സേവിങ്സ് സ്കീമിൽ (SCSS) 2026-27 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ 8.2 ശതമാനം പലിശ ലഭിക്കുമെന്നത് നിക്ഷേപകർക്ക് ആശ്വാസമാണ്. ഒരു വർഷം ലഭിക്കുന്ന ആകെ പലിശ ഒരു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ടിഡിഎസ് ഈടാക്കുന്നതാണ്. ഫോം 125 എന്ന പുതിയ മാർഗ്ഗം വഴി റിട്ടേൺ ഫയൽ ചെയ്യുന്നതിലെ സങ്കീർണ്ണതകൾ ഒഴിവായെങ്കിലും നിലവിലുള്ള നികുതി സ്ലാബുകളിലും മറ്റ് ഇളവുകളിലും മാറ്റമില്ലാതെ തുടരും.
