മുംബൈ: ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ കടുത്ത പരിഹാസവുമായി മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ രംഗത്ത്. ട്രംപിന് സാംസ്കാരിക ശുദ്ധീകരണം ആവശ്യമാണെന്ന് കോൺസുലേറ്റ് ജനറൽ സയീദ് റെസ മൊസയേബ് മോട്ലാഗ് പ്രതികരിച്ചു. മഹാരാഷ്ട്രയുടെ സമ്പന്നമായ സാംസ്കാരിക-ഭൗമശാസ്ത്ര പൈതൃകം അടയാളപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച അദ്ദേഹം, “ഒരിക്കൽ ഇന്ത്യ സന്ദർശിച്ച് ശേഷം അഭിപ്രായം പറയുക” എന്ന സന്ദേശവും നൽകി.
ഇന്ത്യയും ചൈനയും ‘നരകക്കുഴികൾ’ ആണെന്നും അവിടെയുള്ളവർ യുഎസ് തീരത്ത് കുഞ്ഞുങ്ങളെ പ്രസവിക്കാനായി എത്തുന്നവരാണെന്നും ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജിന്റെ പോഡ്കാസ്റ്റ് സംഭാഷണത്തിന്റെ ഭാഗമാണ് ട്രംപ് പങ്കുവെച്ചത്. വിമർശനം ശക്തമായതോടെ കുറച്ച് മണിക്കൂറുകൾക്കകം അദ്ദേഹം പോസ്റ്റ് തിരുത്തുകയും ചെയ്തു.
ട്രംപിന്റെ പ്രസ്താവനയെ ഇന്ത്യയും ശക്തമായി വിമർശിച്ചു. വസ്തുതകളെ പരിഗണിക്കാതെയുള്ള അനാവശ്യ പരാമർശമാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പിന്നാലെ, ഇന്ത്യയെ “മഹത്തായ രാജ്യം” എന്നും “എന്റെ നല്ല സുഹൃത്തുക്കളിലൊരാൾ നയിക്കുന്ന രാജ്യം” എന്നും ട്രംപ് പറഞ്ഞതായി ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു.

