Home Kerala‘എസ്‌ഐടി വേട്ടയാടുന്നത് ഷാഫി പറമ്പിലും പാറക്കൽ അബ്ദുള്ളയും പറയുന്നതനുസരിച്ച്’; ജിതിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

‘എസ്‌ഐടി വേട്ടയാടുന്നത് ഷാഫി പറമ്പിലും പാറക്കൽ അബ്ദുള്ളയും പറയുന്നതനുസരിച്ച്’; ജിതിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

by news_desk1
0 comments

കോഴിക്കോട്: വിവാദ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്‌കറിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ രംഗത്ത്. ജിതിൻ ഭാസ്‌കർ തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് തിരക്കഥ അനുസരിച്ചാണ് എസ്‌ഐടി പ്രതികളെ നിശ്ചയിച്ചതെന്നും ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് പറഞ്ഞു. അറസ്റ്റിലായ ജിതിൻ ഭാസ്‌കർ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമാണ്.

വടകര എംപി ഷാഫി പറമ്പിലും കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയും പറയുന്നതനുസരിച്ച് ഡിവൈഎഫ്‌ഐ നേതാക്കളെ വേട്ടയാടുകയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സംഘടന വ്യക്തമാക്കി.

അതേസമയം, കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു. സ്‌ക്രീൻഷോട്ടിന്റെ ഉറവിടത്തെക്കുറിച്ച് നിർണായക സൂചന ലഭിച്ചിട്ടുണ്ടെന്നും ജിതിൻ ഭാസ്‌കറെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും എസ്‌ഐടി അറിയിച്ചു.

വ്യക്തികൾക്കും വിവിധ ഗ്രൂപ്പുകളിലേക്കും ജിതിൻ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഏകദേശം 200 ഓളം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് സ്‌ക്രീൻഷോട്ട് പങ്കുവെച്ചതായും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.

കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം ജിതിൻ ഭാസ്‌കർ ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലും തുടർന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചതായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ജിതിൻ ഭാസ്‌കറിലേക്ക് എത്തിയത്.

You may also like