Home Internationalട്രംപിന്റെ പെരുമാറ്റം വിലയിരുത്താൻ മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടി ഇറാൻ; സമാധാന ചർച്ചകളിൽ തന്ത്രപരമായ നീക്കം

ട്രംപിന്റെ പെരുമാറ്റം വിലയിരുത്താൻ മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടി ഇറാൻ; സമാധാന ചർച്ചകളിൽ തന്ത്രപരമായ നീക്കം

by news_desk1
0 comments

ടെഹ്റാൻ: അമേരിക്കയുമായുള്ള നിർണായക സമാധാന ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പെരുമാറ്റരീതികളും മാനസിക സ്വഭാവങ്ങളും വിലയിരുത്താൻ ഇറാൻ മുതിർന്ന മനഃശാസ്ത്രജ്ഞരുടെയും ബിഹേവിയറൽ വിദഗ്ധരുടെയും സഹായം തേടിയതായി റിപ്പോർട്ട്.

ചർച്ചകളിൽ ട്രംപിനോട് എങ്ങനെ ആശയവിനിമയം നടത്തണം, അദ്ദേഹത്തിന്റെ പ്രതികരണ രീതികൾക്കനുസരിച്ച് സന്ദേശങ്ങൾ എങ്ങനെ രൂപപ്പെടുത്തണം എന്നീ കാര്യങ്ങളിൽ വിദഗ്ധർ ഇറാനിയൻ പ്രതിനിധി സംഘത്തെ സഹായിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

കഴിഞ്ഞ ഏപ്രിലിൽ ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മനഃശാസ്ത്രജ്ഞരുടെയും പെരുമാറ്റ വിദഗ്ധരുടെയും സഹായം ഇറാൻ ഔദ്യോഗികമായി ഉപയോഗിക്കാൻ ആരംഭിച്ചത്. ട്രംപിന്റെ ആശയവിനിമയ രീതികളും പ്രതികരണ ശൈലികളും പഠിച്ച വിദഗ്ധർ, കൂടുതൽ അനുകൂല പ്രതികരണം ലഭിക്കാവുന്ന രീതിയിൽ ചർച്ചാ തന്ത്രങ്ങൾ രൂപപ്പെടുത്താൻ സഹായിച്ചെന്നാണ് റിപ്പോർട്ട്.

ഈ മനഃശാസ്ത്രപരമായ സമീപനം ഫലപ്രദമായിരുന്നുവെന്നും, പുതിയ ആശയവിനിമയ രീതി സ്വീകരിച്ചതിന് ശേഷം ഇറാന്റെ നിർദേശങ്ങളോട് ട്രംപ് കൂടുതൽ അനുകൂലമായി പ്രതികരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ സംബന്ധിച്ച നിർണായക ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. അതേസമയം, ട്രംപിന്റെ ആരോഗ്യവും മാനസിക നിലയും സംബന്ധിച്ച് മുമ്പും ചർച്ചകൾ ഉയർന്നിട്ടുണ്ടെങ്കിലും അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക നിലപാട്.

You may also like