പത്തനംതിട്ട: ആഭിചാര ക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോരുവഴി സ്വദേശിയായ ടി. രഞ്ജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോക്സോ നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊല്ലം ജില്ലയിലെ പോരുവഴിയിലുള്ള ഒരു പഞ്ചായത്ത് അംഗം വഴിയാണ് അടൂരിലെ വീട്ടുകാർ ആഭിചാര ക്രിയ നടത്തുന്നതിനായി രഞ്ജുവിനെ വിളിച്ചുവരുത്തിയത്. ഇയാൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നയാളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ പത്താം തീയതി രാത്രിയോടെയാണ് രഞ്ജു വീട്ടിലെത്തിയത്. ആഭിചാര ക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനിടെയാണ് 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതി.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രഞ്ജു മുൻപ് ബിജെപിയുടെ കൊല്ലം ഈസ്റ്റ് ജില്ലാ തല കമ്മിറ്റി അംഗമായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇയാൾക്ക് നിലവിൽ പാർട്ടിയുമായി ബന്ധമില്ലെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.
പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അടൂർ പൊലീസ് അറിയിച്ചു

