തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ തുടർ തീരുമാനമെടുക്കുന്നതിനായി സംസ്ഥാന സർക്കാർ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ.
ഉപസമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനം സ്വീകരിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
പി എം ശ്രീ പദ്ധതിയുടെ കരാർ വ്യവസ്ഥകളിൽ ഇളവ് തേടാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. അതേസമയം, മുൻ എൽഡിഎഫ് സർക്കാർ പദ്ധതി കരാർ മരവിപ്പിച്ച നടപടിക്ക് നിയമ പ്രാബല്യമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

