Home Keralaസംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

by news_desk1
0 comments

ഇടുക്കിയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; വിവിധ ജില്ലകളിൽ ശനിയാഴ്ച വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിലെ സാഹചര്യത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം ജില്ലയിലും ഓറഞ്ച് അലർട്ട് ബാധകമായിരിക്കും. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, ഇന്ന് സംസ്ഥാനത്ത് ഉയർന്ന താപനില സംബന്ധിച്ച പ്രത്യേക മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.

മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ ഇടുക്കി ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്താണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. ഇവിടെ മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. ശക്തമായ കാറ്റിൽ ഒരു വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര പറന്നുപോകുകയും പ്രദേശത്ത് വൻതോതിൽ കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന.

വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ട് നിലനിൽക്കും. ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇടിമിന്നൽ സമയത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

You may also like