തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ ആദ്യ അടിയന്തരപ്രമേയമായി സംസ്ഥാനത്തെ കടുത്ത വിലക്കയറ്റവും ഇന്ധനവിലവർധനയും ഉന്നയിച്ച് പ്രതിപക്ഷം ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി. എൽഡിഎഫ് മുൻനിര നേതാവും മുൻ ധനകാര്യ മന്ത്രിയുമായ കെ. എൻ. ബാലഗോപാലാണ് സഭയിൽ ഈ വിഷയം അടിയന്തിരപ്രമേയമായി ഉന്നയിച്ചത്. എന്നാൽ, നിലവിലെ ഇന്ധനവിലവർധനവ് പരിശോധിച്ച് വരികയാണെന്നും പത്ത് ദിവസത്തെ കൃത്യമായ നിരീക്ഷിച്ചതിന് ശേഷമേ സർക്കാരിന് ഇതിൽ അന്തിമ നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ സഭയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഈ വിശദീകരണത്തിനെതിരെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നിരയിൽ നിന്ന് കെ. എൻ. ബാലഗോപാൽ പ്രതികരിച്ചത്. ‘തീരുമാനമാകട്ടെ’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ഇന്ധനങ്ങളുടെ അധിക നികുതി കുറച്ചു കൊടുക്കണം എന്ന് പറഞ്ഞ് തെരുവിൽ സമരം ചെയ്ത ആളാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും, അദ്ദേഹം ഇപ്പോൾ ഭരണത്തിലെത്തിയപ്പോൾ പറയുന്ന ഈ ന്യായങ്ങൾ ഒട്ടും അംഗീകരിക്കാൻ ആവില്ലെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.
എന്നാൽ, ആഗോളതലത്തിൽ നിലനിൽക്കുന്ന ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിരന്തരമായി ഇന്ധനവിലയും പാചകവാതക വിലയും വർദ്ധിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ സഭയിൽ വ്യക്തമാക്കി. മെയ് 15 മുതൽ മാത്രം നാല് വട്ടമാണ് രാജ്യത്ത് ഇന്ധന വില വർദ്ധിപ്പിച്ചത്. വരും ദിവസങ്ങളിലും ഇനിയും വർധനവ് ഉണ്ടാകും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിപണിയിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഈ വിലവർധനവ് ജനങ്ങളിലുണ്ടാക്കുന്ന സാമൂഹ്യ ആഘാതം കൃത്യമായി പഠിക്കുന്നതിന് മുമ്പേ കേന്ദ്രം വീണ്ടും വീണ്ടും വില കൂട്ടുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ പൂർണ്ണമായി പഠിക്കണമെങ്കിൽ നിലവിലെ അനിശ്ചിതത്വം മാറേണ്ടതുണ്ട്. അതിനാണ് കുറച്ചു ദിവസങ്ങൾ കൂടി ആവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
സംസ്ഥാനത്ത് നിലവിലുള്ളത് അതീവ അടിയന്തരമായ സാഹചര്യമാണെന്നും ഇന്ധനവില കൂടിയതോടെ കൺസ്ട്രക്ഷൻ (നിർമ്മാണ) മേഖല പൂർണ്ണമായി പ്രതിസന്ധിയിലാണെന്നും കെ. എൻ. ബാലഗോപാൽ പറഞ്ഞു. വാണിജ്യ സിലിണ്ടറിന്റെ വില ഒറ്റയടിക്ക് വർധിപ്പിച്ചു. പെട്രോൾ, ഡീസൽ വിലയും ഇതിന് പിന്നാലെ കൂട്ടി. റോഡ് നിർമ്മാണത്തിന് ആവശ്യമായ ടാറിന്റെയും ബിറ്റുമിന്റെയും വിലയും വിമാന ഇന്ധനത്തിന്റെ വിലയും കുതിച്ചുയരുകയാണ്. മുൻപ് ഇത്തരം വിലവർധന വന്നപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് ശക്തമായി ശബ്ദമുയർത്തിയതും നാട്ടിൽ വലിയ സമരങ്ങൾ നടന്നതും നമ്മൾ കണ്ടതാണ്. ഇന്ധന വില വർദ്ധനവ് നാട്ടിലെ എല്ലാ മേഖലകളെയും ബാധിക്കുന്നതിനാൽ കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് പരസ്യമാക്കണമെന്ന് ബാലഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും പുതിയ സംസ്ഥാന സർക്കാരും അതിനു കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കൃത്യമായ സാമ്പത്തിക സ്ഥിതി നിലവിൽ കേരളത്തിനുണ്ട്. ആദ്യത്തെ അടിയന്തരപ്രമേയത്തിൽ ഭരണപക്ഷത്തെ രാഷ്ട്രീയമായി പ്രതിക്കൂട്ടിൽ ആക്കാൻ മാത്രമല്ല തങ്ങൾ ശ്രമിക്കുന്നത്, ജനജീവിതം അത്രമേൽ ദുസ്സഹമായതിനാൽ സഭ നിർത്തിവെച്ച് ഇത് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി വരുമാനം മുഴുവനായി പെട്ടെന്ന് ഒഴിവാക്കാൻ സർക്കാരിന് കഴിയില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ മറുപടി നൽകി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 3100 കോടി രൂപയുടെ അധിക വരുമാനമാണ് ഇന്ധന നികുതിയിലൂടെ ഉണ്ടായത്. എന്നിട്ടും അന്ന് ഒരു രൂപ പോലും കുറയ്ക്കാൻ അവർ തയ്യാറായിട്ടില്ല. ‘നികുതി കുറയ്ക്കുന്ന മണ്ടത്തരങ്ങൾ ഞങ്ങൾ കാണിക്കില്ല’ എന്നാണ് അന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ പരസ്യമായി പറഞ്ഞത്. അന്ന് സ്വന്തം മുന്നണി കാണിക്കാത്ത മണ്ടത്തരം ഇപ്പോൾ തന്നോട് ചെയ്യാൻ വേണ്ടിയിട്ടാണോ മുൻ ധനകാര്യ മന്ത്രി കൂടിയായ ബാലഗോപാൽ ഇപ്പോൾ ഉപദേശിക്കുന്നതെന്നും മുഖ്യമന്ത്രി സഭയിൽ തിരിച്ചടിച്ചു. പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സഭയിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ നടന്ന ഈ ആദ്യത്തെ കടുത്ത വാദപ്രതിവാദം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങളും പൊതുസമൂഹവും വീക്ഷിക്കുന്നത്.

