കൊച്ചി: കുംഭമേളയിലൂടെ ചിത്രങ്ങൾ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് ഫർമാന് താൽക്കാലിക ആശ്വാസം. ഫർമാന്റെ അറസ്റ്റ് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു. ഈ കാലയളവിനുള്ളിൽ ഫർമാന് അധികാരപരിധിയുള്ള മധ്യപ്രദേശ് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. കേസിന്റെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് മധ്യപ്രദേശിലായതിനാൽ അവിടുത്തെ ഹൈക്കോടതിയെയാണ് പ്രതി സമീപിക്കേണ്ടതെന്ന മധ്യപ്രദേശ് സർക്കാരിന്റെ വാദം കണക്കിലെടുത്താണ് കോടതി നടപടി.
കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടന്നത്. എന്നാൽ, വിവാഹസമയത്ത് പെൺകുട്ടിക്ക് വെറും 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തുകയായിരുന്നു. വിവാഹം സാധൂകരിക്കുന്നതിനായി പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതായും കമ്മീഷന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നുണ്ട്. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് ചമച്ചുവെന്ന ദേശീയ പട്ടികവർഗ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഫർമാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.

