മലപ്പുറം: മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെ.ടി. ജലീൽ. മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാ നിറങ്ങളും ചേർന്നതാണെന്നും 2006ൽ ചെങ്കൊടി പാറിയ മണ്ണാണ് മലപ്പുറമെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സിപിഎം മുൻ എംഎൽഎ പി. നന്ദകുമാറിന്റെ മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിന് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം. നന്ദകുമാർ മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന് പറഞ്ഞത് വിവാദമായിരുന്നു.
അതേസമയം, മലപ്പുറത്തിനെതിരായ പരാമർശത്തിൽ പൊന്നാനി എംഎൽഎ കെ.പി. നൗഷാദലിയും പ്രതികരിച്ചു. ‘കേരള സ്റ്റോറി’ പോലെ ‘മലപ്പുറം സ്റ്റോറി’ ഉണ്ടാക്കാൻ സിപിഎം ത്രെഡും സ്പാർക്കും സംഭാവന ചെയ്യുകയാണെന്ന് നൗഷാദലി ആരോപിച്ചു. നന്ദകുമാറിന്റെ പരാമർശം സിപിഎമ്മിന്റെ വീഴ്ചയല്ലെന്നും ഉള്ളിലുള്ള നിലപാടുകളുടെ ബഹിർസ്ഫുരണമാണെന്നും അദ്ദേഹം പറഞ്ഞു.
