Home Internationalഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം; പ്രാഥമിക നിഗമനം കൊലപാതകത്തിനുശേഷം ആത്മഹത്യ, അന്വേഷണം തുടരുന്നു

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം; പ്രാഥമിക നിഗമനം കൊലപാതകത്തിനുശേഷം ആത്മഹത്യ, അന്വേഷണം തുടരുന്നു

by news_desk1
0 comments

ഷാർജ: ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ മലയാളി യുവതിയും അഞ്ചുവയസ്സുകാരിയായ മകളും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കണ്ണൂർ അഴീക്കോട് സ്വദേശിനിയായ യുവതിയും മകളുമാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, കുട്ടിയെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് തള്ളിയതിന് പിന്നാലെ യുവതി സ്വയം താഴേക്ക് ചാടിയതാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവത്തിന് മുൻദിവസം ഫ്ലാറ്റിൽ തർക്കമുണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ബുധനാഴ്ച രാവിലെ 7.15ഓടെയാണ് സംഭവം നടന്നത്. 32 നിലകളുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് ഇരുവരും താഴേക്ക് വീണത്. കുട്ടി റോഡിലേക്കും യുവതി നടപ്പാതയിലേക്കുമാണ് പതിച്ചതെന്ന് കെട്ടിട ജീവനക്കാർ അറിയിച്ചു.

വലിയ ശബ്ദം കേട്ട് എത്തിയ സുരക്ഷാ ജീവനക്കാരാണ് ആദ്യം സംഭവം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് പൊലീസിനെയും ആംബുലൻസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് മൃതദേഹങ്ങൾ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും കുടുംബ പശ്ചാത്തലവും ഉൾപ്പെടെ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

You may also like