തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. പോത്തൻകോട് വാവറമ്പലം സ്വദേശി ഷൈജു (39) ആണ് 42 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ഷമീർഖാന്റെ നേതൃത്വത്തിൽ പത്താംകല്ലിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.
കഴക്കൂട്ടത്തുനിന്നാണ് പ്രതി മയക്കുമരുന്ന് വാങ്ങിയത്. ഇത് പാറശാലയിൽ എത്തിച്ച് മറ്റൊരാൾക്ക് കൈമാറാനായിരുന്നു പദ്ധതി. പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ പ്രത്യേക ജാഗ്രത പാലിച്ചിരുന്നു. മയക്കുമരുന്ന് വാങ്ങാനെത്തുന്ന ആവശ്യക്കാരന്റെ ബൈക്കിന്റെ നമ്പറും ഷൈജു ധരിച്ചിരുന്ന ഷർട്ടിന്റെ നിറവും മുൻകൂട്ടി അടയാളമായി പറഞ്ഞുറപ്പിച്ചിരുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് പാറശാലയിൽ വച്ച് കൈമാറ്റം നടത്താനായിരുന്നു പദ്ധതി.
എന്നാൽ പ്രതികളുടെ നീക്കത്തെക്കുറിച്ച് എക്സൈസ് സംഘത്തിന് മുൻകൂട്ടി രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ പരിശോധനയിൽ പത്താംകല്ലിന് സമീപത്ത് വെച്ച് ഷൈജുവിനെ തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഷുക്കൂർ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് മയക്കുമരുന്ന് കടത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികളെയും മയക്കുമരുന്ന് വിതരണ ശൃംഖലയെയും കുറിച്ച് എക്സൈസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

