തൃശ്ശൂര്‍: മുണ്ടത്തിക്കോട് സ്‌ഫോടന ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും നല്‍കും.
പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. കൂടാതെ പരിക്കേറ്റവരുടെ ചികിത്സ പൂര്‍ണമായും സൗജന്യമായി ഉറപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യ ആറുമാസത്തേക്കുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. അതിലുപരി ചികിത്സ ആവശ്യമുണ്ടെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുടര്‍ചികിത്സാ ചെലവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കും.
ദുരന്തത്തില്‍ അന്വേഷണം നടത്തുന്നതിനായി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചു.
രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനായി പ്രദേശത്തെ സ്വകാര്യ ഭൂമികളിലെ മതിലുകള്‍ പൊളിക്കുകയും വയല്‍ നികത്തുകയും ചെയ്തിരുന്നു. ഇവ പുനഃസ്ഥാപിക്കാന്‍ ആവശ്യമായ ചെലവ് ജില്ലാ കളക്ടറുടെ ശുപാര്‍ശ പ്രകാരം ദുരന്തനിധിയില്‍ നിന്നും അനുവദിക്കാനും തീരുമാനമായി.
ദുരന്തത്തില്‍ ഒമ്പത് മൃതദേഹങ്ങളാണ് നിലവില്‍ മോര്‍ച്ചറിയിലുള്ളത്. അതില്‍ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരില്‍ 10 പേര്‍ ഐസിയുവിലാണുള്ളത്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
പൂരം നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം നാളെ ചേരുന്ന അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭരണകൂടവും പങ്കെടുക്കുന്ന യോഗം രാവിലെ 10.30ന് നടക്കും. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക മന്ത്രിസഭാ യോഗവും ചേര്‍ന്നേക്കും. മുഖ്യമന്ത്രിക്ക് ചികിത്സയിലുള്ളതിനാല്‍ സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

