തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവരിൽ ഒൻപത് മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പഴയന്നൂർ സ്വദേശി സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ (54), കുണ്ടന്നൂർ സ്വദേശി സുവിൻ (39) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. മറ്റ് ആറുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തിൽപ്പെട്ട 13 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സതീഷ് (46), പ്രവീൺ (45) എന്നിവർ വെന്റിലേറ്ററിലാണ്. ബാബു (56), രാജേഷ് (40), ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), ഭവാനി (65), വിഷ്ണു (30) എന്നിവർ മെഡിക്കൽ കോളേജിലും സാജൻ (38), വിൽസൺ (60) എന്നിവർ എലൈറ്റ് ആശുപത്രിയിലും ചികിത്സയിൽ തുടരുന്നു. സുഭദ്ര (68), സുന്ദരൻ (46) എന്നിവർ ഡിസ്ചാർജ് ചെയ്തു.
സംഭവസ്ഥലത്ത് തിരിച്ചറിയാനാകാത്ത ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ തിരിച്ചറിയലിനായി ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വെടിക്കെട്ട് ജോലിയിൽ ഏർപ്പെട്ടിരുന്ന ആരെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ നിയന്ത്രണ മുറികളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
- മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620
- തൃശൂർ താലൂക്ക് ഓഫീസ്: 0488 4232226
- തൃശ്ശൂർ കലക്ടറേറ്റ് കൺട്രോൾ റൂം: 9447074424
- മെഡിക്കൽ കോളേജ് കൺട്രോൾ റൂം: 8075011853
സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ കൃത്യമായ വിവരങ്ങൾ അധികൃതരെ അറിയിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ തൃശൂർ മെഡിക്കൽ കോളേജും ആരോഗ്യസംഘവും പൂർണ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.

