മലപ്പുറം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ കർശന മാനദണ്ഡങ്ങൾ നടപ്പാക്കാൻ മുസ്ലിം ലീഗ് തീരുമാനം. പാർട്ടി നേതൃത്വത്തിന്റെ അറിവും അംഗീകാരവും കൂടാതെയുള്ള നിയമനങ്ങൾ ഒഴിവാക്കണമെന്നാണ് മന്ത്രിമാർക്ക് നൽകിയ നിർദേശം.
പഞ്ചായത്ത്, മണ്ഡലം തല ഘടകങ്ങളുടെ അംഗീകാരപത്രമില്ലാത്തവരെ പേഴ്സണൽ സ്റ്റാഫിലേക്ക് പരിഗണിക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. അർഹരായ പാർട്ടി പ്രവർത്തകരെ ഒഴിവാക്കി വ്യക്തിപരമായ താൽപര്യപ്രകാരം നിയമനം നടത്തുന്നത് ഒഴിവാക്കണമെന്നും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
പാർട്ടിക്ക് മന്ത്രിമാരോ എംഎൽഎമാരോ ഇല്ലാത്ത ജില്ലകൾക്കും മന്ത്രിമാരുടെ ഓഫീസുകളിൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. പേഴ്സണൽ സ്റ്റാഫ് നിയമനത്തിനുള്ള മാനദണ്ഡങ്ങൾ രൂപപ്പെടുത്താനുള്ള ചുമതല പ്രത്യേക സമിതിക്ക് നൽകിയിട്ടുണ്ട്.
ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലുള്ള തസ്തികകളിൽ പാർട്ടി അനുകൂല സർവീസ് സംഘടനകളുടെ ശുപാർശയും പരിഗണിക്കണമെന്ന് നിർദേശമുണ്ട്.
അതേസമയം, ലീഗ് മന്ത്രിമാരുടെ ഓഫീസുകളിൽ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിമാരായി പാർട്ടി നേതാക്കളെ നിയമിക്കാനും ധാരണയായിട്ടുണ്ട്. ബന്ധപ്പെട്ട മന്ത്രിമാരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കളുടെ പേരുകൾ ഇതിനായി ചർച്ചകളിലുണ്ടെന്നാണ് വിവരം.

