Home Keralaനവകേരള യാത്രയിലെ മർദനക്കേസ്: ഗൺമാൻ ഉൾപ്പെടെ അഞ്ചുപേരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; അറസ്റ്റ് രേഖപ്പെടുത്തിയില്ല

നവകേരള യാത്രയിലെ മർദനക്കേസ്: ഗൺമാൻ ഉൾപ്പെടെ അഞ്ചുപേരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; അറസ്റ്റ് രേഖപ്പെടുത്തിയില്ല

by news_desk1
0 comments

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) ചോദ്യം ചെയ്യലിന് ശേഷം ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ആവശ്യമായപ്പോൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന നോട്ടീസ് നൽകി പ്രതികളെ വിട്ടയച്ചു.

മുൻ മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന അനിൽ കല്ലിയൂർ, സുരക്ഷാസേനാംഗങ്ങളായ എസ്. സന്ദീപ്, വി.വി. വിപിൻ, ആർ. അരുൺ, ഷൈജു എന്നിവരെയാണ് എസ്‌ഐടി തുടർച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്തത്. പ്രതികളെ പ്രത്യേകം ഇരുത്തിയും ഒരുമിച്ചിരുത്തിയും വിശദമായ ചോദ്യം ചെയ്യൽ നടത്തിയിരുന്നു.

ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിച്ചുവെന്നും തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അനിൽ കല്ലിയൂർ പ്രതികരിച്ചു.

കോടതിയുടെ നിർദേശപ്രകാരമാണ് പ്രതികൾ ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷം ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 41 എ പ്രകാരമുള്ള നോട്ടീസ് നൽകി ഇവരെ വിട്ടയക്കുകയായിരുന്നു. അന്വേഷണ ആവശ്യങ്ങൾക്കനുസരിച്ച് വീണ്ടും ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്.

മർദനത്തിനായി ഉപയോഗിച്ചതായി കണ്ടെത്തിയ വടി, സുരക്ഷാ ഉദ്യോഗസ്ഥർക്ക് അനുവദിച്ചിരുന്ന ഔദ്യോഗിക ലാത്തിയെക്കാൾ നീളം കൂടിയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സമാനമായ ചൂരൽവടി എവിടെ നിന്നാണ് ലഭിച്ചതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം.

അതേസമയം, ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായാണ് പ്രവർത്തിച്ചതെന്നും ഡ്യൂട്ടി കഴിഞ്ഞ ശേഷം അനുവദിച്ച ലാത്തികൾ ഓഫീസിൽ തിരികെ ഏൽപ്പിച്ചുവെന്നുമാണ് പ്രതികളുടെ മൊഴി. എന്നാൽ ഈ മൊഴികൾ പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിച്ച ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളുവെന്ന് എസ്‌ഐടി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്താനും സാധ്യതയുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടില്ല. തെളിവ് ശേഖരണ നടപടികൾ പൂർത്തിയാക്കിയ ശേഷം അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിക്കുകയും തുടർന്ന് കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യും.

അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥന് പുതിയ നിയമനം ലഭിച്ചിട്ടുണ്ടെങ്കിലും കേസിന്റെ അന്വേഷണ ചുമതലയിൽ തുടരുമെന്നാണ് വിവരം.

You may also like