ദില്ലി: ഇന്ത്യ മുന്നണി യോഗത്തിൽ നടന്ന ചർച്ചകളിൽ നിന്ന് രാഹുൽ ഗാന്ധിയുടെ പ്രസംഗഭാഗം മാത്രം പുറത്തുവിട്ടതിനെതിരെ സി.പി.എം പ്രതിനിധിയും രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസ് രംഗത്തെത്തി. മൂന്ന് മണിക്കൂർ നീണ്ട യോഗത്തിലെ ചർച്ചകളിൽ നിന്ന് വെറും ഒൻപത് മിനിറ്റ് മാത്രമാണ് പുറത്തുവിട്ടതെന്നും ബാക്കി ഭൂരിഭാഗം ചർച്ചകളും പൊതുജനങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ ആലിംഗനം ചെയ്യാൻ തനിക്കാവില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം വലിയ ചർച്ചയായ സാഹചര്യത്തിലാണ് ബ്രിട്ടാസിന്റെ പ്രതികരണം. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് പറയുന്ന രാഹുൽ ഗാന്ധി മുൻപ് ആരെയൊക്കെയാണ് ആലിംഗനം ചെയ്തതെന്ന് ജനങ്ങൾ ഓർക്കില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
ലോക്സഭയ്ക്കുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി ആലിംഗനം ചെയ്ത സംഭവം അന്ന് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതും ആഘോഷിക്കപ്പെട്ടതുമാണെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ആർ.എസ്.എസ് രാഷ്ട്രീയത്തിന്റെ പ്രധാന മുഖങ്ങളിലൊരാളായ മോദിയെ ആലിംഗനം ചെയ്യാൻ സാധിച്ചപ്പോൾ, പിണറായി വിജയനെക്കുറിച്ചുള്ള നിലപാട് എങ്ങനെ ന്യായീകരിക്കുമെന്ന ചോദ്യവും ഇന്ത്യ മുന്നണി യോഗത്തിൽ ഉയർന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ മറ്റ് നേതാക്കൾ ഉന്നയിച്ച അഭിപ്രായങ്ങളും കോൺഗ്രസ് പൊതുസമൂഹത്തിന് മുന്നിൽ വെക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. ആർ.എസ്.എസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ സർട്ടിഫിക്കറ്റ് സി.പി.എമ്മിന് ആവശ്യമില്ലെന്നും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ മുന്നോട്ടുവെക്കുന്നത് ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 8ന് നടന്ന ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങളാണ് കോൺഗ്രസ് ഔദ്യോഗികമായി പുറത്തുവിട്ടത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ താൻ തയ്യാറല്ലെന്നും അദ്ദേഹവുമായി വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രാദേശിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിക്കൊണ്ടായിരിക്കണം ഇന്ത്യ സഖ്യം മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ ആശയങ്ങളോട് കോൺഗ്രസ് പൂർണമായും വിയോജിക്കുന്നുവെന്നും, തല വെട്ടേണ്ടി വന്നാലും കോൺഗ്രസ് പ്രവർത്തകർ ആർ.എസ്.എസിന് മുന്നിൽ തലകുനിക്കില്ലെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.

