Home Nationalകരൂർ ദുരന്തബാധിതരുടെ ആശ്രിത നിയമനം റദ്ദാക്കി; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലേക്ക് തമിഴ്നാട് സർക്കാർ

കരൂർ ദുരന്തബാധിതരുടെ ആശ്രിത നിയമനം റദ്ദാക്കി; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലേക്ക് തമിഴ്നാട് സർക്കാർ

by news_desk1
0 comments

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. സഹാനുഭൂതിയുടെ അടിസ്ഥാനത്തിലുള്ള നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന ഹൈക്കോടതി നിരീക്ഷണത്തെ ചോദ്യം ചെയ്താണ് അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചത്.

ഭരണഘടനയുടെ 162-ാം അനുച്ഛേദപ്രകാരമുള്ള സംസ്ഥാനത്തിന്റെ ഭരണപരമായ അധികാരം ഉപയോഗിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്. എന്നാൽ, ഭരണപരമായ അധികാരങ്ങൾ ഭരണഘടനാപരമായ പരിധിക്കുള്ളിൽ മാത്രമേ വിനിയോഗിക്കാവൂവെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

സർക്കാരിന്റെ നടപടി ഭരണഘടനയിലെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും സർക്കാർ ജോലികളിലെ നിയമനം ഭരണഘടനാ വ്യവസ്ഥകൾ പാലിച്ചായിരിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. സർക്കാർ സർവീസിൽ മരിച്ച ജീവനക്കാരുടെ കുടുംബങ്ങളും നിയമനത്തിനായി കാത്തിരിക്കുകയാണെന്നും, ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സംരംഭകത്വ പരിശീലനം ഉൾപ്പെടെയുള്ള ബദൽ സഹായങ്ങൾ നൽകാമെന്നും കോടതി നിർദേശിച്ചു.

കരൂർ ദുരന്തത്തിൽ ആശ്രിത നിയമനം അനുവദിച്ചാൽ സമാന അപകടങ്ങളിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്കും ഇതേ ആവശ്യം ഉയർത്താൻ വഴിയൊരുങ്ങുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പടക്കനിർമാണ ശാലകളിലെ അപകടങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങിയ സംഭവങ്ങൾ ഉദാഹരണമായി പരാമർശിച്ച കോടതി, ഇത്തരം സാഹചര്യങ്ങളിൽ സാധാരണയായി നഷ്ടപരിഹാരമാണ് നൽകുന്നതെന്നും പറഞ്ഞു.

പൊതു തൊഴിൽ അവസരങ്ങൾ ഭരണഘടനാ മാനദണ്ഡങ്ങൾ പാലിച്ചാണ് നൽകേണ്ടതെന്നും, അത് നേടിയെടുക്കേണ്ട അവകാശമാണെന്നും അതിന്റെ മൂല്യം സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.

You may also like